എത്രയൊക്കെ ബോധവല്‍ക്കരണം നടത്തിയാലും ഇന്നും ഗാര്‍ഹിക പീഢനത്തിന് ഇരയാകുന്ന സ്ത്രീകളും കുട്ടികളും അനവധിയാണ്. പലരും പുറത്ത് പറയാന്‍ മടക്കുന്നത് സമൂഹത്തേയും വീട്ടുകാരേയും ഓര്‍ത്തിട്ടാണ്. പലര്‍ക്കും തങ്ങളെ നിരന്തരം പീഢിപ്പിക്കുന്നവരെക്കുറിച്ച് തുറന്ന് പറയാന്‍ പോലും പേടിക്കുന്നത് നാളെ ഒറ്റപ്പെടേണ്ടി വരുമോ എന്ന ഭയത്താല്‍ മാത്രമാണ്. ഇത്തരത്തില്‍ നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന ഗാര്‍ഹിക പീഢനം പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങളിലേയ്ക്ക് ഇവരെ നയിക്കുന്നുണ്ട്. അവ എന്തെല്ലാമെന്നും അവ തരണം ചെയ്യാന്‍ എന്തെല്ലാം ചെയ്യണം എന്നും നോക്കാം.
——
അമിതമായിട്ടുള്ള ഭയം
ഗാര്‍ഹിക പീഡനത്തിന് ഇരയായിട്ടുള്ളവര്‍ അതില്‍ നിന്നും രക്ഷപെട്ടാലും ഇവര്‍നേരിടുന്ന പ്രധാന മാനസിക പ്രശ്‌നങ്ങളില്‍ ഒന്നാണ് ഭയം. ഇവര്‍ സമൂഹത്തില്‍ ഇറങ്ങിച്ചെല്ലാന്‍ ഭയപ്പെടാം. ആളുകളുമായി ഇടപഴകാന്‍ ഭയപ്പെടാം. അതുപോലെ വീണ്ടും വിവാഹം കഴിക്കാനുള്ള ഭയം എന്നിങ്ങനെ പലതരത്തിലുള്ള ഭയങ്ങള്‍ ഇവരെ വേട്ടയാടും. ഒരിക്കല്‍ ഇത്തരം ഭയത്തില്‍ അകപ്പെട്ട് കഴിഞ്ഞാല്‍ അതില്‍ നിന്നും പുറത്തേയ്ക്ക് കടക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. ഇത് ഇവരെ മാനസികമായി വീക്കാക്കുകയും ചെയ്യും. തങ്ങള്‍ ചതിക്കപ്പെട്ടു എന്നിങ്ങനെയുള്ള വിഷമതകളും നിറയാന്‍ സാധ്യത കൂടുതലാണ്.
സാമ്പത്തിക ഭദ്രത
പലരും എത്ര പീഡനം സഹിച്ചും ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ അവര്‍ നിലവില്‍ താമസിക്കുന്ന വീട്ടില്‍ തന്നെ താമസിക്കുന്നുണ്ടെങ്കില്‍ അതിനുപിന്നിലെ പ്രധാന കാരണം കയ്യില്‍ പൈസ ഇല്ലാത്തതായിരിക്കും. ഇവിടെ നിന്ന് ഇറങ്ങിയാല്‍ താന്‍ എന്ത് ചെയ്യും എന്ന ഭയം. കയ്യില്‍ പൈസ ഇല്ല, ഒന്നും ഇല്ല എന്ന ചിന്ത. വീട്ടുകാര്‍, സമൂഹം നടത്തുന്ന ഒറ്റപ്പെടുത്തല്‍, അതുപോലെ, കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ ആര് നോക്കും. അവരുടെ ചെലവിന് പൈസ എങ്ങിനെ കണ്ടെത്തും എന്നിങ്ങനെയുള്ള ആശങ്കകളും ഭയവും ഒരു വ്യക്തിയെ അതേ ചുറ്റുപാടില്‍ തന്നെ തളച്ചിടുന്നു.
———
ഒറ്റപ്പെടുത്തല്‍
തന്റെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ അത് കേള്‍ക്കാന്‍ തയ്യാറാകാത്തതും പിന്തുണ നല്‍കാത്തതും ഒരാളെ മാനസികമായി തളര്‍ത്തും. കുട്ടികള്‍ക്കാണെങ്കില്‍ ഇത്തരം അവസ്ഥകള്‍ ടീച്ചര്‍മാരോട് ആയിരിക്കും പറയാന്‍ സാധിക്കുക. സ്ത്രീകള്‍ ആണെങ്കില്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ സ്വന്തം വീട്ടില്‍ പറയില്ല. കാരണം, എല്ലാം സഹിക്കാന്‍ പറയുന്ന മാതാപിതാക്കള്‍ ഇന്നും നമ്മള്‍ക്ക് ചുറ്റിലും ഉണ്ട്.
രക്ഷപെടാന്‍
ഇതില്‍ നിന്നും രക്ഷപെടാന്‍ സ്വയം വിചാരിക്കണം. ഒരു ബന്ധം പറ്റുന്നില്ലെങ്കില്‍ ആ ചുറ്റുപാടില്‍ നിന്നും സ്വയം രക്ഷപെടാന്‍ ശ്രമിക്കാവുന്നതാണ്. അതുപോലെ,തനിക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ അടുത്ത സുഹൃത്തുക്കളോടെങ്കിലും പറയുക. പോലീസിന്റെ സഹായം വേണമെങ്കില്‍ അതും തേടാവുന്നതാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും പുറത്ത് കടന്നാലും മനസ്സില്‍ അതിന്റെ ഭീകരത നിറഞ്ഞ് നില്‍ക്കും. ഇത്തരം മാനസികാഘാതം കുറയ്ക്കുന്നതിനായി നിങ്ങള്‍ക്ക് പതിയെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍, അല്ലെങ്കില്‍ വിനോദ പരിപാടികള്‍, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യം ചെയ്യുന്നത് എന്നിങ്ങനെയുള്ള ആക്ടിവിറ്റീസില്‍ ഏര്‍പ്പെടാവുന്നതാണ്.
——–
അതിര്‍വരമ്പുകള്‍ തീര്‍ക്കാം
എല്ലാവരില്‍ നിന്നും ഒരു അകലം പാലിക്കുന്നത് നല്ലതാണ്. ഇത് ബന്ധങ്ങള്‍ അറുത്ത് മാറ്റുന്നതിന് വേണ്ടിയല്ല. പകരം നിങ്ങളെ സ്വയം സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. ഇത്തരം അതിര്‍വരമ്പുകള്‍ തീര്‍ക്കുന്നത് പെട്ടെന്ന് ആരും നമ്മളുടെ ജീവിതത്തിലേയ്ക്ക് കടന്ന് കയറാന്‍ അനുവദിക്കുകയില്ല. അതുപോലെ ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടവര്‍ക്ക് ആരേയും പെട്ടെന്ന് വിശ്വസിക്കാന്‍ സാധിച്ചെന്ന് വരികയില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സ്വയം പതിയെ ആള്‍ക്കാരെ അറിഞ്ഞ് വിശ്വസിക്കാന്‍ പ്രാക്ടീസ് ചെയ്യുന്നതും കുറച്ചും കൂടെ നിങ്ങളെ ഫ്രീയാക്കാന്‍ സഹായിക്കും.