തിരുപ്പൂര്‍ : തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് സ്വകാര്യ ആശുപത്രി നല്‍കിയത് 19ലക്ഷം രൂപയുടെ ബില്ല്. 23 ദിവസത്തെ ചികിത്സക്കാണ് ഇത്രയും വലിയ തുക ബില്ലായി നല്‍കിയത്.
മേയ് 25നാണ് എം. സുബ്രമണ്യന്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. തിരുപ്പൂരിലെ കനകംപാളയം സ്വദേശിയായിരുന്നു 62കാരനായ ഇദ്ദേഹം. സുബ്രമണ്യന്‍ മരിച്ചതോടെ ആശുപത്രി അധികൃതര്‍ 19 ലക്ഷം രൂപയുടെ ബില്‍ മക്കളായ ഹരികൃഷ്ണനും കാര്‍ത്തികേയനും കൈമാറുകയായിരുന്നു. ഇത്രയും വലിയ ബില്‍ തുക ലഭിച്ചതോടെ മക്കളിരുവരും തിരുപ്പൂര്‍ ജില്ല കളക്ടര്‍ക്ക് പരാതി നല്‍കി.
പിതാവിന് കോവിഡ് സഥിരീകരിച്ചതോടെ പെരുമനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുനുന്നു. എന്നാല്‍ അഞ്ചുദിവസം കഴിഞ്ഞതോടെ മോശമാകാന്‍ തുടങ്ങി. ഇതോടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കോവിഡ് ഗുരുതരമായവര്‍ക്ക് നല്‍കുന്ന റെംഡിസിവിര്‍ ഡോസ് ഒന്നിന് 40,000 രൂപയാകുമെന്നായിരുന്നു ഡോക്ടര്‍മാരുടെ വാദം. ഇതിനുപുറമെ ബന്ധുക്കള്‍ രണ്ടുലക്ഷം രൂപ നല്‍കുകയും ചെയ്തതായി മക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
റെംഡിസിവിര്‍ കുത്തിവെച്ചതിന് ശേഷം സുബ്രമണ്യന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. ഓക്സിജന്റെ പിന്തുണയോടെയാണ് കഴിഞ്ഞിരുന്നെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മേയ് 24ന് തനിക്ക് ശ്വാസതടസമനുഭവപ്പെടുന്നതായി സുബ്രമണ്യന്‍ അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരെ വിവരം അറിയിച്ചപ്പോള്‍ അവിടെ ഓക്സിജന്‍ ക്ഷാമം നേരിടുന്നുണ്ടെന്നും മൂന്നുമണിക്കൂറിനകം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തൊട്ടടുത്ത ദിവസം സുബ്രമണ്യന്‍ മരിക്കുകയായിരുന്നു. ഇതോടെ സുബ്രമണ്യന്‍ 23 ദിവസം ചികിത്സയിലായിരുന്ന ആശുപത്രി അധികൃതര്‍ 19.05 ലക്ഷം രൂപയുടെ ബില്‍ നല്‍കുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞു. ആശുപത്രിക്കെതിരെ പരാതി ലഭിച്ചതായി കളക്ടര്‍ കെ. വിജയ കാര്‍ത്തികേയന്‍ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യവകുപ്പിലെ ജോയിന്റ് ഡയറക്ടറോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.