പാലക്കാട്: പോലീസ് ചമഞ്ഞ് പണവും കാറും തട്ടിയെടുത്ത കേസിലെ പ്രതി ബിന്ദു പാലക്കാട് ടൗണിലെ ഹോട്ടലുടമയായ വനിതയെ കബളിപ്പിച്ചത് സിഐ സ്‌മിത ശ്യാം എന്ന പേരിൽ. സിഐ റാങ്കുള്ള മൂന്ന് സ്റ്റാറും പേരുസൂചിപ്പിക്കുന്ന ബോർഡുമുള്ള യൂണിഫോമും തൊപ്പിയും ഷൂസും തെളിവെടുപ്പിനിടെ കണ്ടെടുത്തു. സിഐ റാങ്കിലുള്ള യൂണിഫോമിനൊപ്പം ധരിക്കേണ്ട ഷൂസും തൊപ്പിയും സ്റ്റാറും വാങ്ങുന്നതിന് ബിന്ദുവും ഷാജിയും സമീപിച്ചത് ജില്ലാ പോലീസ് കാര്യാലയത്തിന് സമീപമുള്ള പോലീസ് സൊസൈറ്റിയെ. തന്റെ സഹോദരൻ പോലീസിലാണെന്ന് പറഞ്ഞാണ് ഇവർ സാധനങ്ങൾ വാങ്ങാനെത്തിയത്. ബിന്ദുവിന്റെ അളവിൽ ഷൂസെടുക്കുന്നതുകണ്ട് സംശയം തോന്നി ചോദിച്ചപ്പോൾ തന്റെ കാലിന്റെ അളവ് തന്നെയാണെന്നു പറഞ്ഞ് വിശ്വസിപ്പിക്കയായിരുന്നെന്നും ജീവനക്കാർ പോലീസിന് വിവരം നൽകി.
ബിന്ദുവിനെയും കൂട്ടാളി ഷാജിയെയും തെളിവെടുപ്പ് പൂർത്തിയാക്കി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി മലമ്പുഴ ജയിലിലേക്ക് മാറ്റി. ഹോട്ടലുടമയെ കബളിപ്പിച്ച് കാറും അഞ്ചുലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി ബിന്ദുവിനെയും എറണാകുളം കോടനാട് സ്വദേശി ഷാജിയെയും മേയ് 20-നാണ് സൗത്ത് ക്രൈംവിഭാഗം തൃശ്ശൂരിൽ നിന്ന് പിടികൂടിയത്. 21-ന് ഇവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി. ഇരുവരും താമസിച്ചുവന്ന തൃശ്ശൂരിലും എറണാകുളത്തും തെളിവെടുപ്പ് നടത്തിയതോടെ കോതമംഗലത്തുനിന്ന് കാർ കണ്ടെടുത്തു. തൃശ്ശൂരിൽ താമസിച്ചിരുന്ന ഹോട്ടലിൽ പരിശോധന നടത്തിയപ്പോൾ ഒപ്പിട്ട് വാങ്ങിയ 50 മുദ്രപ്പത്രങ്ങളും കണ്ടെടുത്തു.
5,000 മുതൽ 10,000 രൂപവരെ വിലയുള്ള മുദ്രപ്പത്രങ്ങളാണ് കണ്ടെത്തിയത്. കൂടുതൽപേരെ തട്ടിപ്പിനിരയാക്കാൻ ആളുകളുടെ പക്കൽനിന്ന് മുദ്രപ്പത്രങ്ങൾ ഒപ്പിട്ടുവാങ്ങിയതായിരിക്കാമെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. 2024 ഡിസംബറിലാണ് പാലക്കാട്ടെ ഹോട്ടലുടമയെ പോലീസുകാരാണെന്നുപറഞ്ഞ് ബിന്ദുവും ഷാജിയും പറ്റിച്ചത്. കൂടുതൽ അടുപ്പംകാണിച്ച് പണവും കാറും കൈക്കലാക്കുകയായിരുന്നു. ഹോട്ടലുടമ പോലീസിൽ പരാതി നൽകിയതോടെയാണ് ഇവർ പല ജില്ലകളിലും തട്ടിപ്പുനടത്തിയ വിവരം പുറത്തുവരുന്നത്. എറണാകുളത്തുമാത്രം 19.5 ലക്ഷവും 18 ലക്ഷവുംവരെ നഷ്ടപ്പെട്ടവർ പരാതിയുമായി എത്തിയെന്ന് സൗത്ത് ക്രൈം വിഭാഗം എസ്ഐ ശ്യാംകുമാർ പറഞ്ഞു. ഇവർക്കെതിരേ പരാതിയുമായെത്തുന്ന സംഭവങ്ങളിൽ കേസെടുക്കുമെന്ന് മറ്റുജില്ലകളിലെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ പരാതികളെത്താൻ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.