കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ എംഡിഎംഎ വേട്ട. 254 ഗ്രാം എംഡിഎംഎയുമായി പയ്യന്നൂർ സ്വദേശി ഷഫീഖിനെ ഡാൻസാഫും നടക്കാവും പോലീസും ചേർന്ന് പിടികൂടി. ഈ വർഷം മാത്രം 600 ഗ്രാം എംഡിഎംഎയാണ് കോഴിക്കോട് നഗരത്തിൽ പിടിച്ചെടുത്തത്. രാവിലെ ഏഴുമണി കഴിഞ്ഞ സമയത്ത് ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസ്സിൽ നിന്ന് പുതിയ സ്റ്റാൻഡ്
പരിസരത്താണ് മുഹമ്മദ് ഷഫീഖ് ഇറങ്ങിയത്. കയ്യിൽ ബാഗുമായി എത്തിയ ഷഫീഖിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതിനെ തുടർന്നാണ് പ്രദേശത്തുണ്ടായിരുന്ന ഡാൻസാഫ് സംഘം തടഞ്ഞ് പരിശോധിച്ചത്. തുടർന്ന് ബാഗിനുള്ളിൽ 254 ഗ്രാം എംഡിഎംഎ കണ്ടെത്തി.
ബെംഗലൂരുവിൽ ടാക്സി ഡ്രൈവറാണ് ഷഫീഖ്. എംഡിഎംഎ ക്യാരിയറായി കോഴിക്കോടേക്ക് എത്തിയതാണ്. സമാന രീതിയിൽ ബെംഗളൂരുവിൽ പണിയെടുക്കുന്ന പലരും നാട്ടിൽ വരുമ്പോൾ എംഡിഎംഎ കടത്താറുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ കുന്നമംഗലത്ത് ലോഡ്ജിൽ വെച്ച് 28 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായിരുന്നു. കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് എത്തിച്ചതായിരുന്നു മയക്കുമരുന്ന്. ജനുവരി 22നും കാക്കിലോയോളം എംഡിഎംയുമായി രണ്ടുപേരെ ഡാൻസാഫും കുന്ദമംഗലം പോലീസും പിടിച്ചിരുന്നു. മാളുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങി, മയക്കുമരുന്ന് കടത്തു സംഘങ്ങളെത്തുന്നിടങ്ങളിലെല്ലാം വ്യാപക പരിശോധനയാണ് ഇപ്പോൾ പോലീസ് നടത്തുന്നത്.