തിരുവല്ല : ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി ഭഗവതിക്ക് ചാർത്താനുള്ള തങ്കത്തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വ്യാഴാഴ്ച കാവുംഭാഗം ഏറങ്കാവ് ദേവീക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിച്ചു. അമൂല്യമായ രത്നങ്ങൾപതിച്ച എട്ടു തൃക്കൈകളും കിരീടവും ഭക്തർക്ക് ദർശനം നടത്താവുന്ന രീതിയിൽ അലങ്കരിച്ച പ്രത്യേക രഥത്തിലാണ് ചക്കുളത്തുകാവിലേക്ക് പുറപ്പെട്ടത്. ക്ഷേത്രംകാര്യദർശി മണിക്കുട്ടൻനമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന തിരുവാഭരണ ഘോഷയാത്രയിൽ കൊട്ടും കുരവയും ആർപ്പുവിളികളുടെയും താളമേളങ്ങളുടെയും താലപ്പൊലികളുടെയും നിരവധി കലാരൂപങ്ങളുടെയും ഇരുമുടിക്കെട്ടേന്തിയ ഭക്തരുടെയും മുത്തുക്കുടകളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടുകൂടിയാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. നെടുമ്പ്രം പുത്തൻകാവ് ദേവീക്ഷേത്രത്തിൽനിന്ന് കാവടിവിളക്കിന്റെ അകമ്പടിയോടുകൂടി സ്വീകരണം നൽകി.
തിരുവാഭരണ ഘേഷയാത്രയ്ക്ക് കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, വൈക്കത്തില്ലം, നീരേറ്റുപുറം ജങ്ഷൻ എന്നിവിടങ്ങളിൽ വമ്പിച്ച സ്വീകരണം നൽകി. റോഡിന് ഇരുവശവും ഭക്തർ നിലവളക്കുകൊളുത്തി ഘോഷയാത്രയെ സ്വീകരിച്ചു. തിരുവാഭരണം ചാർത്തി അഷ്ടൈശ്വര്യ ദീപാരാധനയും വിശേഷാൽപൂജയും നടത്തി. ക്ഷേത്രം മുഖ്യകാര്യദർശി രാധകൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ഘോഷയാത്രയും തുടർന്നുനടന്ന ചടങ്ങുകൾക്കും മീഡിയ കൺവീനർ അജിത്ത് പിഷാരത്ത്, ഉത്സവക്കമ്മറ്റി പ്രസിഡന്റ് എം.പി.രാജീവ്, സെക്രട്ടറി പി.കെ.സ്വാമിനാഥൻ എന്നിവർ നേതൃത്വംനൽകി.