കൊച്ചി : വിഴിഞ്ഞം ഉള്‍പ്പടെയുള്ള കടല്‍ത്തീരത്തെയും തീരവാസികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യച്ചങ്ങല. കൊച്ചി – ആലപ്പുഴ രൂപതകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വൈകിട്ട് 4ന് ചെല്ലാനം മുതല്‍ ബീച്ച് റോഡ് തിരുമുഖ തീര്‍ത്ഥാടന കേന്ദ്രം വരെ 17 കി.മി.നീളത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീന്‍ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ഏഴാംദിവസത്തിലേക്ക് കടക്കുകയാണ്. തുടര്‍നീക്കങ്ങള്‍ ആലോചിക്കാന്‍ സമരസമിതി ഉടന്‍ യോഗം ചേരും. പതിനാലാം തീയതി മൂലംപള്ളിയില്‍ നിന്ന് ആരംഭിക്കുന്ന ജനബോധന യാത്രയോടെ തുറമുഖ വിരുദ്ധസമരം സംസ്ഥാനവ്യാപകമാക്കാനാണ് അതിരൂപത തീരുമാനം. ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനത്തോടെ വിഷത്തിലെ സമവായവും അനിശ്ചിതത്വത്തിലാണ്.
വിഴിഞ്ഞം സമരത്തില്‍ സമരസമിതിയുമായി ഇനി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സമരസമിതിക്ക് അനാവശ്യ പിടിവാശിയെന്ന് സര്‍ക്കാര്‍ ആരോപിച്ചു. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഒരു തരത്തിലും സാധിക്കില്ല. പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചിട്ടും സമരസമിതി പിടിവാശി തുടരുന്നു. ചെയ്യാന്‍ ആവുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നു. സാമൂഹികാഘാത പഠനത്തിന് സര്‍ക്കാര്‍ തയ്യാറാണ്. പഠന സമിതിയില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉള്‍പെടുത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു. മന്ത്രിമാരും മുഖ്യമന്ത്രിയും പലവട്ടം നേരിട്ട് ചര്‍ച്ച നടത്തിയിട്ടും സമര സമിതി വഴങ്ങാത്തത് ദുഷ്ടലാക്കാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.