കോഴിക്കോട്: വീടുകളില്‍ ചെന്ന് ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്ന മുന്നൂറ്റി അന്‍പതോളം സ്ത്രീകളെ കണ്ടിജന്റ് ജീവനക്കാരായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നഗരസഭാ കൗണ്‍സില്‍ എടുത്ത തീരുമാനം സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിലപാട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
2004 ഒക്ടോബര്‍ മുതല്‍ ഇവര്‍ കോഴിക്കോട് നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നു. ഖരമാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന സ്ത്രീകള്‍ക്ക് വീടുകളില്‍ നിന്നും പ്രതിമാസം മുപ്പതു രൂപ നിരക്കില്‍ ഈടാക്കിയാണ് നല്‍കുന്നത്. നഗരസഭാ സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2014 നവംബര്‍ പത്തൊന്‍പതിന് ചേര്‍ന്ന എണ്‍പതാം നമ്പര്‍ കൗണ്‍സില്‍ തീരുമാനപ്രകാരം പത്തു വര്‍ഷത്തിലധികമായി ഖരമാലിന്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുടുംബശ്രീ അംഗങ്ങളെ നഗരസഭയുടെ ബദല്‍ തൊഴിലാളികളായി അംഗീകരിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് 2015 ഫെബ്രുവരി ഇരുപത്തിയെട്ടിന് തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. എന്നാല്‍ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് 2017 ഫെബ്രുവരി പതിനാലിന് നഗരസഭ വീണ്ടും ഇക്കാര്യം പരിഗണിച്ചു. മാര്‍ച്ച് മൂന്നിന് തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറിക്ക് വീണ്ടും കത്ത് നല്‍കി. എന്നാല്‍ എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ച് മുഖേന മാത്രം കണ്ടിജന്റ് ബദല്‍ തൊഴിലാളികളെ നിയമിക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പരാതിക്കാരുടെ ആവശ്യം തികച്ചും ന്യായമാണെന്ന് കമ്മീഷന് ബോദ്ധ്യമായതായി കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു.