ന്യുഡല്‍ഹി : രാജ്യത്ത് മനുഷ്യാവകാശ ലംഘനം ഏറ്റവുമധികം നടക്കുന്ന പോലീസ് സ്‌റ്റേഷനുകളിലാണെന്ന് റിപ്പോര്‍ട്ട്. കസ്റ്റഡി മര്‍ദ്ദവും പോലീസ് അതിക്രമവും ഇപ്പോഴും തുടരുന്നുവെന്നും കസ്റ്റഡിയിലുള്ളവരെ മൂന്നാംകിടക്കാരായി കാണരുതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി രമണ. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു ഞായറാഴ്ച ഒരു ചടങ്ങില്‍ ചീഫ് ജസ്റ്റീസിന്റെ ഈ പരാമര്‍ശം.
അതേസമയം, രാജ്യത്ത് ശരാശരി പ്രതിദിനം അഞ്ച് പേരെങ്കിലും പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ലെ ആദ്യ അഞ്ച് മാസത്തിനുള്ളില്‍ 1,067 പേരാണ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ഏറ്റവും കൂടുതല്‍ മരണം നടന്നിരിക്കുന്നത് ഫെബ്രുവരിയിലാണ്. 263 പേര്‍. 2020 മാര്‍ച്ചിലാണ് ഏറ്റവുമധികം പോലീസ്, ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങള്‍ നടന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെയുള്ള ഒരു പതിറ്റാണ്ടിനിടെ 17,146 പേര്‍ കസ്റ്റഡിയില്‍ മരിച്ചു. കസ്റ്റഡിയിലായി 24 മണിക്കൂറിനുള്ളിലാണ് മരണങ്ങളില്‍ 63 ശതമാനവും നടന്നിരിക്കുന്നത്. മജിസ്‌ട്രേറ്റിനു മുന്‍പില്‍ പോലും ഇവര്‍ എത്തുന്നില്ലെന്ന് നാഷണല്‍ കാംപയ്ന്‍ എഗെയ്ന്‍സ്റ്റ് ടോര്‍ച്ചര്‍ വ്യക്തമാക്കുന്നു.
2004 മുതല്‍ 2008 വരെ കസ്റ്റഡി മരണത്തില്‍ പോലീസുകാരാരും ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഈ കാലഘട്ടത്തില്‍ 500 പേര്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും കാണാതാവുകയോ ചെയ്തിട്ടുണ്ട്. 55 പോലീസുകാര്‍ക്കെതിരെ കുറ്റപത്രം നല്‍കിട്ടുണ്ട്. 2017ല്‍ 33 പോലീസുകാര്‍ അറസ്റ്റിലായി. അതില്‍ 27 പേര്‍െക്കതിരെ കുറ്റപത്രം നല്‍കി. 43 പോലീസുകാര്‍ക്കെതിരെ കുറ്റപത്രം നല്‍കിയെങ്കിലും ആരും ശിക്ഷിക്കപ്പെട്ടില്ല.
2019ലെ കണക്ക് പ്രകാരം 85 കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു പോലീസുകാരന്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. 14 പേര്‍ ഗുജറാത്തില്‍ മാത്രം അറസ്റ്റിലായിട്ടുണ്ടെന്നും നാഷണല്‍ കാംപയ്ന്‍ എഗെയ്ന്‍സ്റ്റ് ടോര്‍ച്ചര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ കസ്റ്റഡി പീഡനങ്ങള്‍ അന്വേഷിച്ച പാര്‍ലമെന്ററി സമിതി കസ്റ്റഡിയിലെ ബലാത്സംഗങ്ങളിലും ജാതി അധിക്ഷേപത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇത്തരം കേസുകളില്‍ 90 ശതമാനവും ഉത്തര്‍പ്രദേശിലാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2019 ല്‍ നാല് വനിതകളാണ് രാജ്യത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്.
ജയില്‍ കഴിയുന്നവരില്‍ മൂന്നില്‍ രണ്ട് പേരും (69%) വിചാരണ കാത്തിരിക്കുന്നവരില്‍ 65% പേരും പട്ടിക ജാതി, പട്ടിക വര്‍ഗ, മറ്റ് പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് ജയിലുകളില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നു. നാഷണല്‍ കാംപയ്ന്‍ എഗെയ്ന്‍സ്റ്റ് ടോര്‍ച്ചര്‍ റിപ്പോര്‍ട്ട് പ്രകാരം 2019ല്‍ റിപ്പോര്‍ട്ട് ചെയ്ത 125 കസ്റ്റഡി മരണത്തില്‍ 60% പേരും ദരിദ്ര്യ, പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തില്‍ നിന്നുള്ളവരാണ്. 13 പേര്‍ ദളിത്, ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ളവരും 15 പേര്‍ മുസ്ലീങ്ങളുമാണ്.