മുംബൈ : മുതിർന്ന ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയോട് ബി.ജെ.പി വിട്ട് തന്റെ പാർട്ടിയിൽ ചേരാൻ ആവശ്യപ്പെട്ട് ശിവസേനാ(യു.ബി.ടി) പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ രംഗത്ത്. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിൽ നാഗ്പുരിലെ നിലവിലെ എം.പി.യായ ഗഡ്കരിയുടെ പേരില്ലാത്തതിനെത്തുടർന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഉദ്ധവിന്റെ ക്ഷണം. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുകാലത്ത് അഴിമതി ആരോപണത്തിന്റെ പേരിൽ ബി.ജെ.പി ലക്ഷ്യമിട്ടിരുന്ന മുൻ കോൺഗ്രസ് നേതാവ് കൃപാശങ്കർ സിങ്ങിനെപ്പോലുള്ളവർ സ്ഥാനാർഥിപട്ടികയിൽ ഇടംപിടിച്ചു. എന്നാൽ, ഗഡ്കരിയുടെ പേര് പട്ടികയിൽ കാണാനില്ല. അപമാനിക്കപ്പെട്ടുവെന്ന് തോന്നിയാൽ ഗഡ്കരി എം.വി.എ.യിൽ വരണമെന്നും തങ്ങൾ മത്സരിപ്പിക്കാമെന്നും ഉദ്ധവ് പറഞ്ഞു. ഗഡ്കരിയുടെ വിജയം തങ്ങൾ ഉറപ്പാക്കും. തങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഗഡ്കരിയെ മന്ത്രിയാക്കും’ എന്നും അദ്ദേഹം ഉറപ്പുനൽകി.