ന്യൂഡൽഹി : വടക്കുകിഴക്കൻ ഡൽഹിയിലെ ജഫ്രാബാദിൽ പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളുടെ വഴി തടയൽ സമരം. ശനിയാഴ്ച രാത്രി മുതലാണ് നൂറുകണക്കിന് സ്ത്രീകൾ ജഫ്രാബാദിലെ പ്രധാനപാത തടഞ്ഞ് സമരം തുടങ്ങിയത്. ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണമാനദണ്ഡം നടപ്പാക്കാനാകില്ലെന്ന സുപ്രീംകോടതി വിധിക്ക് എതിരെ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിക്കുന്നതായും ഇവിടെ സമരത്തിനായി ഒത്തുകൂടിയ സ്ത്രീകൾ പ്രഖ്യാപിച്ചു.
സമരത്തെത്തുടർന്ന് ഇത് വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ജഫ്രാബാദ് മെട്രോ സ്റ്റേഷൻ അടച്ചു. ഇത് വഴി മെട്രോ കടന്നുപോകുമെങ്കിലും ഇവിടെ നിർത്തില്ലെന്ന് ഡിഎംആർസി അറിയിച്ചു. ജഫ്രാബാദ് മെട്രോ സ്റ്റേഷന് തൊട്ടുമുന്നിലാണ് ശനിയാഴ്ച രാത്രി ഇരുന്നൂറോളം സ്ത്രീകൾ ദേശീയപതാകകളുമായി എത്തിയത്. ”ആസാദി” മുദ്രാവാക്യങ്ങളുയർത്തിയ ഇവർ സ്റ്റേഷന് മുന്നിലെ പ്രധാനപാതയിൽ കുത്തിയിരുന്നു. വിവരമറിഞ്ഞ പോലീസ് വൻ സന്നാഹവുമായി എത്തിയപ്പോഴേക്ക് നിരവധിപ്പേർ ഇവിടേക്ക് സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. ”സിഎഎയിൽ നിന്നും എൻആർസിയിൽ നിന്നും ആസാദി” എന്ന മുദ്രാവാക്യങ്ങളുമായി രാത്രി മുഴുവൻ ഇവർ തെരുവിൽ കുത്തിയിരുന്നു.
നിലവിൽ സമരം നടത്തുന്നവരുമായി ചർച്ച നടത്തി വരികയാണെന്ന് മുതിർന്ന പോലീസുദ്യോഗസ്ഥനായ വേദ് പ്രകാശ് സൂര്യ വ്യക്തമാക്കുന്നു. ”പ്രധാനപാത ഇങ്ങനെ തടസ്സപ്പെടുത്തി സമരം ചെയ്യാനാകില്ലെന്ന് ഞങ്ങൾ അവരോട് പറയുന്നുണ്ട്. ചർച്ചകൾ നടക്കുകയാണ്. പാരാമിലിട്ടറി ഉദ്യോഗസ്ഥരെയും ഞങ്ങൾ അധിക സുരക്ഷയ്ക്കായി വിളിച്ചിട്ടുണ്ട്”, എന്ന് പോലീസ് പറഞ്ഞു.
ഷഹീൻബാഗ് സമരമാതൃകയിൽ നിരവധി സമരങ്ങൾ രാജ്യതലസ്ഥാനത്ത് ഉയരുന്നത് ഡൽഹി പോലീസിനെ ആശങ്കയിലാക്കുന്നത്. ശനിയാഴ്ച ഷഹീൻ ബാഗിൽ ഡൽഹി – നോയ്‍ഡ – കാളിന്ദി കുഞ്ജ് റോഡ് സമരക്കാർ ഭാഗികമായി തുറന്ന് കൊടുത്തിരുന്നു. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥസംഘം ഇവിടെ വന്ന് നടത്തിയ ചർച്ചകളുടെ ഫലമായിട്ടായിരുന്നു ഇത്. തിങ്കളാഴ്ച മധ്യസ്ഥസംഘം ചർച്ചകളെക്കുറിച്ചും സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങൾ സുപ്രീംകോടതിയെ അറിയിച്ചു.