ചെന്നൈ : വിവാഹ മോചനത്തിനായി വിവിധ തരം തെളിവുകൾ പങ്കാളികൾ പലപ്പോഴും ശേഖരിക്കാറുണ്ട്. മൊബൈൽ പരിശോധിച്ചും കോൾ ഹിസ്റ്ററി തപ്പിയെടുത്തുമുള്ള തെളിവുകൾ വരെ കോടതിക്ക് മുന്നിൽ ഹാജരാക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു പങ്കാളിയുടെ ഹർജിയിൽ ഇന്ന് മദ്രാസ് ഹൈക്കോടതി നടത്തിയ സുപ്രധാന നിരീക്ഷണം വലിയ ചർച്ചയാകുകയാണ്. പങ്കാളിയുടെ സ്വകാര്യതയിൽ കടന്നുകയറിയുള്ള ‘തെളിവ്’ ശേഖരിക്കൽ മൗലികാവകാശ ലംഘനമാണെന്നാണ് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത്. വിവാഹ മോചനത്തിനായി ഭാര്യയുടെ കോൾ ഹിസ്റ്ററി തെളിവ് കാട്ടിയ ഭർത്താവിനോടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പങ്കാളിയുടെ സ്വകാര്യത മൗലികാവകാശമാണെന്ന് ഓർമ്മിപ്പിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ ഇത്തരം തെളിവ് സ്വീകരിക്കില്ലെന്നും വ്യക്തമാക്കി. പങ്കാളിയുടെ സ്വകാര്യതയിൽ കടന്നുകയറി സ്വന്തമാക്കിയ തെളിവുകൾ സ്വീകാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു.
ഒരാൾ തന്‍റെ ജീവിത പങ്കാളിയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതോ ഒളിഞ്ഞുനോക്കുന്നതോ നിയമത്തിന് അനുവദിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ ക്രൂരത, പരപുരുഷബന്ധം തുടങ്ങിയ കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്താൻ ഭർത്താവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. ഭാര്യയുടെ കോൾ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഭർത്താവ് രഹസ്യമായി ശേഖരിച്ചുവെന്നും ഇത് ഭാര്യയുടെ സ്വകാര്യത ലംഘിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. ദാമ്പത്യ ബന്ധത്തിലെ വിഷയങ്ങൾ ആരോപിക്കുമ്പോൾ ആധികാരിക മാർഗങ്ങളിലൂടെ അത് തെളിയിക്കുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.