കൊച്ചി: ദാമ്പത്യജീവിതത്തിൽ താൽപര്യമില്ലാതെ മുഴുവൻ സമയവും ആത്മീയതയിൽ മുഴുകിയ ഭർത്താവിൽനിന്ന് വിവാഹമോചനം വേണമെന്ന യുവതിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ആത്മീയജീവിതശൈലി പിന്തുടരാൻ നിർബന്ധിച്ചതുകൊണ്ടാണ് വിവാഹമോചനം തേടുന്നതെന്ന ഭാര്യയുടെ വാദം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് എം ബി സ്നേഹലത, ദേവൻ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വ്യക്തിപരമായ വിശ്വാസങ്ങളോ ആത്മീയതയോ പങ്കാളിയുടെ മേൽ അടിച്ചേൽപ്പിക്കാൻ വിവാഹം അധികാരം നൽകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
ആത്മീയപാത സ്വീകരിക്കാൻ ഭാര്യയെ നിർബന്ധിക്കുന്നത് മാനസിക ക്ലേശമുണ്ടാക്കുന്നതിന് തുല്യമാണ്. കുടുംബജീവിതത്തിൽ ഭർത്താവിന് താൽപ്പര്യമില്ലെങ്കിൽ അത് കാണിക്കുന്നത് വിവാഹത്തിലൂടെ ചെയ്യേണ്ട കടമകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.