പുതുപ്പള്ളി : ഓട്ടോ ഡ്രൈവറായ ഭർത്താവിനെ കോടാലിക്ക് വെട്ടിക്കൊന്നശേഷം ആറുവയസ്സുകാരനായ ഏകമകനെയും കൂട്ടി നാടുവിട്ട ഭാര്യയെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാം (കൊച്ച് 48) ആണ് മരിച്ചത്. ഭാര്യ റോസന്ന (45)യാണ് അറസ്റ്റിലായത്. കൃത്യം നടത്തിയശേഷം ചൊവ്വാഴ്ച പുലർച്ചെതന്നെ മകൻ ജോയലിനെക്കൂട്ടി വീട്ടിൽനിന്ന് പോയി. ചൊവ്വാഴ്ച വൈകീട്ട് മണർകാട് പള്ളിയിൽ ഇവരെ കണ്ടവർ പോലീസിന് വിവരം കൈമാറുകയായിരുന്നു. നേരംപുലർന്ന് ഏറെക്കഴിഞ്ഞും മാത്യുവിന്റെ വീട്ടുകാരെ പുറത്ത് കാണാതായപ്പോൾ സമീപത്തുള്ള ബന്ധുക്കളെത്തി നോക്കുമ്പോഴാണ് വിവരമറിയുന്നത്. വീടിന്റെ വാതിൽ തുറന്നനിലയിലായിരുന്നു. കട്ടിലുകൾക്കിടയിൽ നിലത്ത് രക്തത്തിൽകുളിച്ച് മരിച്ചുകിടക്കുകയായിരുന്നു മാത്യു. കഴുത്തിനും തലയ്ക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
വീട്ടിൽനിന്ന് രക്തംപുരണ്ട കോടാലിയും സമീപത്തെ പുരയിടത്തിൽനിന്ന് മൊബൈൽഫോണും കണ്ടെടുത്തു. തമിഴ്നാട് ബോഡിമെട്ട് സ്വദേശിനിയായ റോസന്നയെ കോട്ടയത്തെ അനാഥമന്ദിരത്തിൽനിന്നാണ് മാത്യു വിവാഹം കഴിച്ചത്. മാനസികാസ്വാസ്ഥ്യത്തിന് റോസന്ന ചികിത്സ തേടിയിരുന്നതായി പോലീസ് പറഞ്ഞു. ജോയലിന്റെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ബുധനാഴ്ച നാലിന് പയ്യപ്പാടി വെള്ളൂക്കുട്ട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.