മഹാരാഷ്ട്ര; ദുരൂഹ സാഹചര്യത്തിൽ കാണാതായ ബിജെപി വനിത നേതാവിനെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ. സാമ്പത്തിക തർക്കത്തിന്റെ പേരിലാണ് കൊലപാതകം. സനാ ഖാനെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം നദിയിൽ തള്ളിയെന്ന് ഭർത്താവ്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 10 ദിവസം മുൻപ് കാണാതായ ബി.ജെ.പി. ന്യൂനപക്ഷ സെൽ ഭാരാവാഹിയായ സനാ ഖാനെയാണ് കൊലപ്പെടുത്തിയെന്ന് ഭർത്താവ് മൊഴി നൽകിയിരിക്കുന്നത്. ഈ മാസം ഒന്നിന് നാഗ്പുരിൽനിന്ന് ഭർത്താവിനെ കാണാനായി മധ്യപ്രദേശിലെ ജബൽപൂരിൽ എത്തിയതാണ് സനാ ഖാൻ.
ജബൽപുരിൽ വച്ച് സനാ ഖാൻ വീട്ടുകാരെ ഫോണിൽവിളിച്ചിരുന്നു. എന്നാൽ, രണ്ടാംതീയതിക്ക് ശേഷം സനാ ഖാനെക്കുറിച്ച് വീട്ടുകാർക്ക് വിവരങ്ങളൊന്നും ലഭിച്ചില്ല. ബന്ധുക്കൾ ജബൽപുരിലെത്തി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ബന്ധുക്കൾ നാഗ്പുർ പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിനൊടുവിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വ്യക്തിപരമായ പ്രശ്‌നങ്ങളാലും, സാമ്പത്തിക തർക്കവും ഇരുവർക്കും ഇടയിൽ രൂക്ഷമായിരുന്നു. വടികൊണ്ട് ഭാര്യയെ അടിച്ച് കൊലപ്പെടുത്തിയെന്നുമാണ് അമിത് സാഹു പോലീസിന് നൽകിയ മൊഴി. യുവതി മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം ഹിരൺ നദിയിൽ ഉപേക്ഷിച്ചു. മൃതദേഹം ഇതുവരെ കണ്ടെത്തനായിട്ടില്ല. കേസിൽ അമിത്തിനൊപ്പം മറ്റൊരാളുംകൂടി അറസ്റ്റിലായിട്ടുണ്ട്.