ഹൈദരാബാദ് : ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങിയ മകനെ രക്ഷിക്കാനായി ഒരു അമ്മ സ്കൂട്ടറിൽ യാത്ര ചെയ്തത് 1400 കിലോമീറ്റർ. തെലുങ്കാനയിൽ നിന്നും ആന്ധ്രാപ്രദേശിലേക്കായിരുന്നു 48 കാരിയായ റസിയ ബീഗത്തിന്‍റെ യാത്ര. മാർച്ച് 12 ന് നെല്ലൂരിൽ പോയ തന്റെ ഇളയ മകൻ നിസാമുദ്ദീന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തിരികെ എത്താൻ സാധിച്ചില്ല.
ഇതോടെയാണ് പോലീസ് അനുമതിയോടെ റസിയ യാത്ര തിരിച്ചത്. ആദ്യം കാറിന് പോകാനാണ് നിശ്ചയിച്ചത്. എന്നാൽ പിന്നീട് സ്കൂട്ടറിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ തെലുങ്കാനയിൽ നിന്നും തിരിച്ച റസിയ ബീഗം മകനുമായി ബുധനാഴ്ച മടങ്ങിയെത്തി. ഏറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു യാത്രയെന്നും അവർ പറഞ്ഞു. രാത്രിയുള്ള യാത്രയായിരുന്നു വലിയ വെല്ലുവിളിയെന്നും ബീഗം പറഞ്ഞു. ഹൈദരാബാദിൽ നിന്നും 200 കിലോ മീറ്റർ അകലെയുള്ള നിസാമാബാദിലെ സർക്കാർ സ്കൂളിലെ പ്രധാന അധ്യാപികയാണ് റസിയ ബീഗം. 15 വർഷം മുൻപ് ഇവരുടെ ഭർത്താവ് മരിച്ചിരുന്നു.