തെലങ്കാന : ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജി.എച്ച്.എം.സി) തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ടി.ആര്‍.എസാണ് മുന്നില്‍. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി പൂര്‍ത്തിയാക്കിയ ശേഷം പേപ്പര്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയിട്ടുണ്ട്. 31ഓളം സീറ്റുകളില്‍ ടി.ആര്‍.എസാണ് ലീഡ് ചെയ്യുന്നത്. 12 സീറ്റുകളില്‍ ബി.ജെ.പിയും 7ല്‍ എ.ഐ.എം.ഐ.എമ്മും ഒന്നില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നുണ്ട്. നേരത്തേ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതില്‍ ബി.ജെ.പിയായിരുന്നു മുന്നില്‍.
150 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 24 നിയമസഭ മണ്ഡലങ്ങളാണ് ജി.എച്ച്.എം.സി പരിധിയില്‍ വരുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ 99 ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു. ആകെ 74.67 ലക്ഷം വോട്ടര്‍മാരാണുള്ളത്. 34.50 ലക്ഷം (46.55 ശതമാനം) പേരാണ് ഇത്തവണ വോട്ട് ചെയ്തത്. അതേസമയം 26ാം നമ്പര്‍ വാര്‍ഡിലെ 69ാം പോളിങ്ങ് സ്റ്റേഷനില്‍ ബാലറ്റ് പേപ്പറില്‍ അച്ചടി പിശക് കണ്ടെത്തിയതിനെതുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത്. ഇതേതുടര്‍ന്ന് ഫലങ്ങള്‍ വൈകുന്നേരമോ രാത്രിയിലോ മാത്രമേ പൂര്‍ണ്ണമാവൂ എന്നാണ് സൂചന. വോട്ടെണ്ണുന്നതിന് മുമ്പായി ഉദ്യോഗസ്ഥര്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്.
വോട്ടെണ്ണുന്നതിനായി 30ഓളം ടേബിളുകളാണ് സജ്ജീകരിച്ചത്. 8,000 ത്തിലധികം ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചു. ഓരോ കൗണ്ടിംഗ് ടേബിളിലും സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറകളില്‍ വോട്ടെണ്ണല്‍ പ്രക്രിയ രേഖപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
2023 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മത്സരമായതിനാല്‍ രാഷ്ട്രീ പാര്‍ട്ടികള്‍ അതീവ പ്രാധാന്യത്തോടെയാണ് ഫലത്തെ കാണുന്നത്. ബി.ജെ.പിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി പ്രസിഡന്റ് ജെ.പി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി, ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ പ്രചാരണത്തിന് എത്തിയിരുന്നു.
ടി.ആര്‍.എസിന്റെ പ്രചാരണത്തിന് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി രാമ റാവു നേതൃത്വം നല്‍കി. പാര്‍ട്ടി പ്രസിഡന്‍റും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവുവും സജീവമായി രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസിനായി സംസ്ഥാന പ്രസിഡന്റ് എന്‍. ഉത്തം കുമാര്‍ റെഡ്ഡിയും വര്‍ക്കിംഗ് പ്രസിഡന്‍റ് എ. രേവന്ത് റെഡ്ഡിയമായിരുന്നു രംഗത്ത് ഉണ്ടായിരുന്നത്. എ.ഐ.എം.ഐ.എമ്മിനായി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി, അക്ബറുദ്ദീന്‍ ഉവൈസി എന്നിവരായിരുന്നു രംഗത്ത് ഉണ്ടായിരുന്നത്.
തെരഞ്ഞെടുപ്പ് പ്രചാണ സമയത്ത് ബി.ജെ.പി, കോണ്‍ഗ്രസ്, ടി.ആര്‍.എസ്, എ.ഐ.എം.ഐ.എം എന്നിവര്‍ ശക്തമായ വാക്പോരായിരുന്നു നടത്തിയത്. പ്രധാനമായും ബി.ജെ.പി, എ.ഐ.എം.ഐ.എം എന്നിവരായിരുന്നു ഏറ്റുമുട്ടിയത്.
ഹൈദരാബാദില്‍ റോഹിങ്ക്യകള്‍ക്കും പാകിസ്താനികള്‍ക്കും വോട്ടുണ്ടെന്ന് വരെ ബി.ജെ.പി പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഉവൈസി ബി.ജെ.പിയെ വെല്ലുവിളിച്ചിരുന്നു. അതിനിടെ യോഗി ആദിത്യനാഥ് ഹൈദരാബാദിന്റെ പേരുമാറ്റി ഭാഗ്യനഗര്‍ എന്നാക്കുമെന്നും പറഞ്ഞിരുന്നു.