ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വൈദ്യുത കാറിന്റെ കണ്‍സപ്റ്റ് മോഡല്‍ അവതരിപ്പിച്ച് ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് മോട്ടോര്‍. ഐനിഷിയം (initium) എന്നാണ് കണ്‍സപ്റ്റ് മോഡലിന് പേരുനല്‍കിയിട്ടുള്ളത്. കൂടുതല്‍ ദൂരപരിധിയും ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സ്റ്റോറേജ് ശേഷിയും ഉള്‍പ്പെടുത്തിയുള്ളതാണ് മോഡല്‍. സോളിനടുത്തുള്ള ഗോയാങ്ങില്‍നടന്ന ചടങ്ങില്‍ ഹ്യുണ്ടായ് മോട്ടോര്‍ പ്രസിഡന്റും സി.ഇ.ഒ.യുമായ ചാങ് ജീ ഹൂണ്‍ ആണ് കണ്‍സപ്റ്റ് മോഡല്‍ അനാവരണംചെയ്തത്. അടുത്തവര്‍ഷം ആദ്യപകുതിയില്‍ കാര്‍ യാഥാര്‍ഥ്യമാക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അടുത്തമാസം നടക്കുന്ന ലോസ് ആഞ്ജലിസ് ഓട്ടോ ഷോയിലും ഈ മോഡല്‍ പ്രദര്‍ശിപ്പിക്കും.
വായുമലിനീകരണത്തിന് കാരണമാകുന്ന പെട്രോള്‍ ഡീസല്‍ വാഹനങ്ങളില്‍ നിന്നും ഇലക്ട്രിക് വാഹനങ്ങളിലേക്കോ ഹരിത ഇന്ധന വാഹനങ്ങളിലേക്കോ മാറുന്നതിനായി പ്രമുഖ വാഹന നിര്‍മാണ കമ്പനികള്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ആഗോളതലത്തില്‍ തന്നെ വൈദ്യുത വാഹന വില്‍പ്പനയും വര്‍ധിച്ചുവരികയാണ്. ഇതിനൊപ്പമാണ് ഹ്യുണ്ടായ് പോലുള്ള കമ്പനികള്‍ ഹരിത ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങള്‍ നിര്‍മിക്കാന്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത്. ഗ്രീന്‍ ഹൈഡ്രജനില്‍ നിന്നുമാണ് ഹൈഡ്രജന്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുക എന്ന ആശയം ഉണ്ടായത്. ഗ്രീന്‍ ഹൈഡ്രജന്‍ എന്നത് ശുദ്ധമായി കത്തുന്ന ഒന്നാണ്. ഗതാഗത മേഖലയിലൂടെ പുറം തള്ളുന്ന കാണ്‍ബണിന്റെ സാന്നിധ്യം കുറയ്ക്കാന്‍ ഇത് സഹായിക്കും. സൗരോര്‍ജ്ജം, കാറ്റ്, ജിയോതെര്‍മല്‍ തുടങ്ങിയ പുനരുപയോഗ ഊര്‍ജ സ്രോതസുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനാണ് ഗ്രീന്‍ ഹൈഡ്രജന്‍.