തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. 40 വർഷമായി ഞാൻ തിരുവനന്തപുരത്തുകാരനാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തരൂരിനെ പോലെ പൊട്ടി വീണതല്ല, അദ്ദേഹം ഇടയ്ക്ക് വന്നു പോകുന്നത് പോലെയല്ല, ഞാൻ ജനങ്ങൾക്കിടയിൽ ജീവിക്കുന്നയാളാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പന്ന്യന് എന്ത് ധൈര്യമെന്നാണ് തരൂർ ചോദിക്കുന്നത്. എനിക്കെന്താ ധൈര്യത്തിന് കുറവ്. ഞാൻ ഒന്നാം സ്ഥാനത്താണ്. വാനോളമാണ് പ്രതീക്ഷ. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് യുഡിഎഫ്-ബിജെപി മത്സരം. ഞാൻ പറഞ്ഞത് ഗ്രൗണ്ട് റിയാലിറ്റിയാണ്. അത് തന്നെയാണ് ഗോവിന്ദൻ മാഷും പറഞ്ഞത്. കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തന്നെയാണെന്നും പന്ന്യൻ രവീന്ദ്രൻ പറയുന്നു.
തിരുവനന്തപുരത്ത് എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തിരുവനന്തപുരത്തെ മത്സരം ബിജെപിയും എൽഡിഎഫും തമ്മിലാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പറഞ്ഞതിൽ തെറ്റില്ലെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് പറഞ്ഞു. മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണ്, ഇടതിൻറെ മുഖ്യ എതിരാളി ആർഎസ്എസ് നയിക്കുന്ന ബിജെപി തന്നെയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.