തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ ഐഡിയോളജി ഉള്ള ആളാണെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വേറെ പാർട്ടികളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാറില്ല. സുരേന്ദ്രനോടല്ല ഫൈറ്റ് ചെയ്യുന്നതെന്നും സുരേന്ദ്രൻ ഫോളോ ചെയ്യുന്ന ഐഡിയോളജിയോടാണെന്നും വി ഡി സതീശൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ സുരേന്ദ്രന് പകരമാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കോര്‍ കമ്മറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പേര് നിര്‍ദേശിച്ചത്. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി. രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്.