തെല്‍ അവിവ്: ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പു വരുത്താൻ സ്വന്തം നിലക്ക് തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാത്രി ചേർന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം ഇറാനെതിരായ ആക്രമണ സ്വഭാവം ചർച്ച ചെയ്തു. മേഖലായുദ്ധം ഒഴിവാക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി അമേരിക്കയും ബ്രിട്ടനും ജർമനിയും അറിയിച്ചു. ഇറാനു നേരെയുള്ള പ്രത്യാക്രമണ നീക്കത്തിൽ മാറ്റമില്ലെന്ന് നെതന്യാഹു പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സ്വന്തം നിലക്ക് തീരുമാനവുമായി മുന്നോട്ടു പോകുമെന്നും നെതന്യാഹു പറഞ്ഞു. അമേരിക്ക ഉൾപ്പെടെ സഖ്യരാജ്യങ്ങളുടെ നിർദേശങ്ങൾക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്‍റെ ഭാഗത്തുനിന്നുള്ള ഏതൊരു സൈനിക നീക്കത്തെയും വ്യാപ്തിയിലും കടുപ്പത്തിലും നേരിടുമെന്ന് ഇറാൻ ആവർത്തിച്ചു.
ഇസ്രായേൽ ഭീഷണിയുടെ വെളിച്ചത്തിൽ ചെങ്കടലിൽ തങ്ങളുടെ കപ്പലുകൾക്ക് ഇറാൻ നേവി പ്രത്യേക സുരക്ഷാ കവചമൊരുക്കി. മേഖലാ യുദ്ധത്തിലേക്ക് കാര്യങ്ങൾ കൊണ്ടു പോകരുതെന്ന് ഇസ്രായേലിനോട് നിർദേശിച്ചതായി യു.എസ് സ്റ്റേറ്റ് വകുപ്പ് അറിയിച്ചു. തെൽ അവീവിൽ എത്തിയ ബ്രിട്ടീഷ്, ജർമൻ വിദേശകാര്യ മന്ത്രിമാരും ഈ അഭ്യർഥന മുന്നോട്ടുവെച്ചു. ഇസ്രായേലിന് പ്രത്യേക അടിയന്തര സഹായം ഉറപ്പാക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. അമേരിക്കൻ പ്രതിനിധി സഭയോട് ഇതു സംബന്ധിച്ച നടപടി എളുപ്പമാക്കാനും ബൈഡൻ ആവശ്യപ്പെടുകയും ചെയ്തു. ഇറാനെതിരെ ഉപരോധം വ്യാപിപ്പിക്കുമെന്ന് അമേരിക്കയും ഫ്രാൻസും അറിയിച്ചിട്ടുണ്ട്.