ദില്ലി : ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ വഴിയിൽ ചിലപ്പോൾ പരാജയങ്ങൾ നേരിട്ടേക്കാം. എന്നാൽ ഈ പരാജയങ്ങൾ നമുക്ക് നൽകുന്ന വലിയ പാഠങ്ങളുണ്ട്. ജീവിതത്തിൽ എത്രയധികം തിരിച്ചടികൾ നേരിടേണ്ടി വന്നാലും ഈ പാഠങ്ങൾ നമ്മളെ തളർത്തില്ല. പ്രതിസന്ധികൾക്ക് നടുവിൽ നിൽക്കുമ്പോഴും എങ്ങനെയാണ് സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതെന്ന് ചില ജീവിതങ്ങൾ നമ്മളെ കാണിച്ചു തരും. 22-ാം വയസ്സിൽ ആദ്യ ശ്രമത്തിൽ തന്നെ രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മത്സരപരീക്ഷകളിലൊന്നായ യുപിഎസ്‍സി പരീക്ഷയിൽ വിജയിച്ചാണ് അഞ്ജു ശർമ്മ എന്ന ഐഎഎസ് ഉദ്യോഗസ്ഥ നമുക്ക് പ്രചോദനമാകുന്നത്.
പത്താം ക്ലാസ്സിൽ കെമിസ്ട്രിക്കും 12-ാം ക്ലാസ്സിലെ ഇക്കണോമിക്‌സ് പേപ്പറിലും തോറ്റുപോയ വിദ്യാർത്ഥിയായിരുന്നു അഞ്ജു ശർമ്മ. അതായത് മിടുക്കിയായ വിദ്യാർത്ഥിനി എന്ന വിശേഷണങ്ങളൊന്നുമില്ലായിരുന്നു എന്ന് സാരം. 12-ാം ക്ലാസ് പൂർത്തിയാക്കിയ ശേഷം അഞ്ജു ജയ്പൂരിൽ നിന്ന് ബിഎസ്‌സിയും എംബിഎയും നേടി. ആദ്യത്തെ തോൽവിയിൽ നിന്ന് മികച്ച വിജയങ്ങളിലേക്കാണ് അഞ്ജു പിന്നീട് ഓരോ ചുവടും വെച്ചത്. കോളേജിൽ സ്വർണ്ണ മെഡൽ നേടിയാണ് അവൾ പാസ്സായത്. സ്കൂൾ കാലഘട്ടത്തിലെ രണ്ട് പരാജയങ്ങൾ തന്നെ വളരെയധികം കാര്യങ്ങൾ പഠിപ്പിച്ചു എന്ന് അഞ്ജു പറയുന്നു. അന്ന് ധാരാളം പഠിക്കാനുണ്ടായിരുന്നെന്നും എന്നാൽ കൃത്യമായും ചിട്ടയായും പഠിക്കാൻ തനിക്ക് സാധിച്ചിരുന്നില്ലെന്നും അഞ്ജു. വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് പരീക്ഷയെ നേരിട്ടത്. അതുകൊണ്ട് തന്നെ തോൽക്കുമെന്ന് അറിയാമായിരുന്നു എന്നും അഞ്ജുവിന്റെ വാക്കുകൾ.
ഭാവി നിർണ്ണയിക്കുന്നതിൽ പത്താം ക്ലാസ് വിജയത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ചുറ്റുമുളളവരെല്ലാം ആവർത്തിച്ച് ഓർമ്മിപ്പിച്ചിരുന്നു എന്നും അഞ്ജു പറഞ്ഞു. തന്റെ ജീവിതത്തിലെ വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിൽ അമ്മയായിരുന്നു അവളുടെ ഏറ്റവും വലിയ പിന്തുണ. തോൽവികളിൽ ആശ്വസിപ്പിച്ചതും കൂടെ നിന്നതും അമ്മയാണ്. പഠനം അവസാന നിമിഷത്തേക്ക് മാറ്റിവെക്കാതെ കൃത്യമായും ചിട്ടയോടെയും പഠിച്ചു തുടങ്ങിയപ്പോൾ വിജയം കൂടെയെത്തി തുടങ്ങി. ഈ പഠനരീതി അവളെ ഗോൾഡ് മെഡൽ നേട്ടത്തിലേക്കാണ് കൊണ്ടെത്തിച്ചത്. ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി പരീക്ഷ പാസാകാൻ അഞ്ജുവിന് സാധിച്ചതും ഈ രീതി പിന്തുടർന്നത് കൊണ്ടാണ്. ഐഎഎസ് ടോപ് സ്‌കോറർമാരുടെ പട്ടികയിലാണ് അഞ്ജു ഇടം നേടിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.