പത്തനംതിട്ട : തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയായ മേഘയുടെ മരണം അന്വേഷിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയതായി അച്ഛൻ മധുസൂദനൻ. പ്രതിയെന്ന് സംശയിക്കുന്ന സുകാന്തിനെ നിരീക്ഷണത്തിൽ വെക്കാൻ പോലീസിന് കഴിഞ്ഞില്ല. സുകാന്തും കുടുംബവും വീട് പൂട്ടി മുങ്ങിയെന്നാണ് അറിവ്. മകൾക്ക് ഇയാൾ വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നും മധുസൂദനൻ വ്യക്തമാക്കി. ഇരുവരും നിരവധി സ്ഥലങ്ങളിൽ ഒന്നിച്ചു പോയിരുന്നു. എറണാകുളം ആണ് ഇതിൽ പ്രധാനം. ചെന്നൈയിലെ ഹോട്ടലിൽ നിന്ന് ഇരുവരും ഭക്ഷണം കഴിച്ചതിന്റെ ബിൽ തുക യുപിഎ വഴി നൽകിയതിന്റെ തെളിവ് ബാങ്ക് സ്റ്റേറ്റ് മെന്റില്‍ നിന്ന് കിട്ടിയെന്നും മേഘയുടെ അച്ഛൻ പറഞ്ഞു. മകളെ സാമ്പത്തികമായി ഇയാൾ ചൂഷണം ചെയ്തിരുന്നുവെന്ന് അച്ഛൻ നേരത്തെ തന്നെ ആരോപിച്ചിരുന്നു.
മേഘ മരിക്കുമ്പോൾ അക്കൗണ്ടിൽ ആകെ ഉണ്ടായിരുന്നത് 80 രൂപ മാത്രമായിരുന്നുവെന്നും അവസാനമായി ഫെബ്രുവരിയിൽ കിട്ടിയ ശമ്പളം സുകാന്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തതായും മധുസൂദനൻ വെളിപ്പെടുത്തിയിരുന്നു. അതേസമയം മേഘയുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കുടുംബത്തിന്റെ സംശയങ്ങൾ അന്വേഷിക്കണമെന്ന് സുരേഷ്‌ഗോപി പ്രതികരിച്ചു. സെൻട്രൽ ഐ ബിയുടെ ഒരു സ്റ്റാഫിന്റെ വിഷയമാണ് ഇത്. അന്വേഷണത്തിൽ ഒരു വീഴ്ചയും ഉണ്ടാകില്ല. മേഘയുടെ മരണം സംബന്ധിച്ച് അന്വേഷിച്ച് വേണ്ട നടപടി കൈക്കൊള്ളുന്നതിന് മുൻകൈ എടുക്കുമെന്നും അമിത്ഷായുടെ ഓഫീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നീക്കുമെന്നും അദ്ദേഹം പറഞ്ഞു.