എറണാകുളം : നിയമസഭാ തെരഞ്ഞെടുപ്പിൽ കളമശ്ശേരി മണ്ഡലത്തിൽ മത്സരിക്കാനുള്ള സാധ്യതകൾ തള്ളാതെ ഇബ്രാഹിംകുഞ്ഞ്. എന്നാൽ മണ്ഡലത്തിൽ മുസ്ലിം ലീഗ് പുതിയ സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് സാധ്യത. മാറി നിൽക്കാൻ നിർദേശമുണ്ടായാൽ മുസ്ലിംലീഗ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ മകനെ രംഗത്തിറക്കാനുള്ള നീക്കമാകും ഇബ്രാഹിംകുഞ്ഞ് നടത്തുക. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. മണ്ഡലം രൂപീകരിച്ച 2011 മുതൽ യു.ഡി.എഫിന് വേണ്ടി ഇബ്രാഹിംകുഞ്ഞാണ് കളമശ്ശേരിയെ പ്രതിനിധീകരിച്ചത്.
പാലാരിവട്ടം പാലം അഴിമതിക്കേസും തുടർന്നുണ്ടായ അറസ്റ്റും വി.കെ ഇബ്രാഹിംകുഞ്ഞിന്റെ രാഷ്ട്രീയ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചതോടെ മണ്ഡലത്തിൽ മറ്റൊരാളെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം. ഇത് സംസ്ഥാന നേതൃത്വവും ഏറെക്കുറെ അംഗീകരിച്ച് കഴിഞ്ഞു. കഴിഞ്ഞ തവണ ബാർകോഴക്കേസുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറയിൽ കെ.ബാബുവിനേറ്റ തിരിച്ചടി ഇക്കുറി കളമശേരിയിൽ ഉണ്ടാകുമോയെന്ന ആശങ്ക കോൺഗ്രസ് നേതൃത്വവും പങ്ക് വെക്കുന്നുണ്ട്.
മാറി നിൽക്കേണ്ട സാഹചര്യം ഉണ്ടായാൽ മുസ്ലീം ലീഗ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ മകൻ അഡ്വ.വി.ഇ അബ്ദുൾ ഗഫൂറിനെ രംഗത്തിറക്കാനുള്ള നീക്കമാണ് ഇബ്രാഹിംകുഞ്ഞ് നടത്തുന്നത്. അതേസമയം ഇത്തരമൊരു നീക്കത്തെ ലീഗ് ജില്ലാ നേതൃത്വത്തിൽ ഭൂരിഭാഗവും എതിർക്കുമെന്നുറപ്പാണ്. സമവായത്തിന്റെ ഭാഗമായി മണ്ഡലത്തിന് പുറത്ത് നിന്നുള്ള യൂത്ത് ലീഗ് നേതാക്കളാരെങ്കിലും കളമശ്ശേരിയിൽ സ്ഥാനാർഥിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് ഇത്തവണ കളത്തിലിറങ്ങുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ് സംസ്ഥാന സമിതി അംഗം കെ.ചന്ദ്രൻ പിള്ള എന്നിവരുടെ പേരുകൾക്കൊപ്പം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ പേരും സി.പി.എമ്മിന്റെ സജീവ പരിഗണനയിലുണ്ട്.