പാലാരിവട്ടം : പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി ലഭിച്ചതോടെ വിജിലൻസ് സംഘം ഉടൻ നോട്ടീസ് നൽകും. വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് നോട്ടീസ് നൽകുക.
പാലാരിവട്ടം മേൽപ്പാല അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇബ്രാംഹിം കുഞ്ഞിൽ നിന്നും വിജിലൻസ് സംഘം നേരത്തെ മൊഴിയെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മൊഴിയെടുത്തത്. പിന്നീട് ടി.ഒ സൂരജ് ഉൾപ്പടെ 5 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇബ്രാഹിം കുഞ്ഞിനെതിരെ ടി.ഒ സൂരജ് മൊഴി നൽകിയതോടെയാണ് അഴിമതി നിരോധന നിയമത്തിലെ 17 (A വകുപ്പ് പ്രകാരം മുൻ മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ വിജിലൻസ് സർക്കാരിന് അപേക്ഷ നൽകിയത്. സർക്കാർ പിന്നീട് ഗവർണറുടെ അനുമതി തേടി.
അനുമതി ലഭിച്ചതോടെ ക്രമിനൽ നടപടി ചട്ടത്തിലെ 41 വകുപ്പ് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജിലൻസ് നോട്ടീസ് നൽകും. നിലവിൽ കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം വിജിലൻസ് ശേഖരിച്ചു കഴിഞ്ഞു. കരാർ കമ്പനിക്ക് മുൻകൂറായി 8 കോടി നൽകാൻ മന്ത്രിയാണ് നിർദ്ദേശിച്ചതെന്ന സൂരജിന്റെ മൊഴിയാണ് ഇതിൽ പ്രധാനം. വിജിലൻസിന്റെ ചോദ്യം ചെയ്യലിൽ മുൻ മന്ത്രിയുടെ പങ്ക് തെളിഞ്ഞാൽ ഉടൻ അറസ്റ്റുൾപ്പടെയുള്ള നടപടികളുണ്ടാകും.