ഹേഗ്: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ്. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഉക്രേനിയന്‍ കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയതിനാണ് പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. റഷ്യയുടെ ഉക്രൈന് അധിനിവേശം തുടങ്ങിയ 2022 ഫെബ്രുവരി 24 മുതല്‍ യുദ്ധകുറ്റങ്ങള് നടക്കുന്നുണ്ടെന്നും ക്രിമിനല്‍ കോടതി ജഡ്ജിമാര്‍ പറഞ്ഞു. ഉക്രൈനില്‍ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയ യുദ്ധക്കുറ്റത്തിന് ഉത്തരവാദിയാണ് റഷ്യന്‍ പ്രസിഡന്റ്. കുട്ടികളെ കടത്തുന്നത് തടയാന്‍ പുടിയന്‍ ഒന്നും ചെയ്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചു. ലോകത്തിലെ സ്ഥിരം യുദ്ധക്കുറ്റങ്ങള്‍ക്കുള്ള ട്രൈബ്യൂണലിന് അടിവരയിടുന്ന ഉടമ്പടിയായ റോം ചട്ടത്തില്‍ റഷ്യ ഒരു കക്ഷിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോടതി സ്ഥാപിച്ച കരാറില്‍ ഒപ്പിട്ട രാജ്യങ്ങളിലുള്ളവര്‍ക്കെതിരെ മാത്രമേ കോടതിക്ക് നിയമനടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. റഷ്യയിലെ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള കമ്മീഷണര്‍ മരിയ എല്‍വോവ-ബെലോവയ്ക്കെതിരെയും ഇതേ കുറ്റങ്ങള്‍ ചുമത്തി കോടതി പ്രത്യേകം വാറണ്ട് പുറപ്പെടുവിച്ചു. കുറ്റകൃത്യങ്ങള്‍ 2022 ഫെബ്രുവരി 24 മുതലെങ്കിലും ഉക്രേനിയന്‍ അധിനിവേശ പ്രദേശത്ത് നടന്നതായി ആരോപിക്കപ്പെടുന്നു.