കൊച്ചി : ഇരിഞ്ഞാലക്കുട കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഭീഷണിക്കുമുമ്പില്‍ മുട്ടുമടക്കില്ലെന്ന് ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിനെതിരെയും അതിലെ അംഗങ്ങള്‍ക്കെതിരെയും തുടരെ കേസുകള്‍ നല്‍കി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാമെന്നത് വെറും വ്യാമോഹം മാത്രമാണെന്നും നിയമപോരാട്ടത്തിലൂടെ സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ സ്വാധീനിക്കുവാന്‍ പി.ആര്‍ ഏജന്‍സിയെ കൂട്ടുപിടിച്ചിട്ടും വിലപ്പോയില്ലെന്നും നട്ടെല്ലുള്ള മാധ്യമ പ്രവര്‍ത്തകരാണ് ഗില്‍ഡിലെ അംഗങ്ങളെന്നും പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.
പൊതുജന താല്‍പ്പര്യം മുന്‍ നിര്‍ത്തിയും നിക്ഷേപകരുടെ സുരക്ഷിതത്വം മുന്നില്‍ക്കണ്ടുമാണ് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് വാര്‍ത്തകള്‍ നല്‍കിയിട്ടുള്ളതെന്നും നിലവിലുള്ള കോടതി വിലക്കുകള്‍ മാറിയാല്‍ മാധ്യമധര്‍മ്മം പൂര്‍ണ്ണമായി പാലിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ നല്‍കി ഒരു സ്ഥാപനത്തിന്റെയും നിലനില്‍പ്പ് അപകടത്തിലാക്കില്ല. എന്നാല്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കും. അതിന് മാധ്യമങ്ങളെയോ മാധ്യമ സംഘടനകളെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
കേരളത്തിലെ 206 നിധി കമ്പിനികളുടെ അംഗീകാരം നഷ്ടപ്പെട്ട വിവരം ഉള്‍പ്പെടെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നത് സംഘടനയില്‍ അംഗങ്ങളായ ഓണ്‍ ലൈന്‍ മാധ്യമങ്ങളാണ്. മറ്റുള്ള മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കുനേരെ കണ്ണടച്ചപ്പോള്‍ നിക്ഷേപകരുടെ സുരക്ഷിതത്വം മുന്നില്‍ക്കണ്ടുകൊണ്ടാണ് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് വാര്‍ത്തകള്‍ നല്‍കിയിട്ടുള്ളതെന്നും പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.