കോഴിക്കോട് : മുക്കം കെഎംസിടി മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗിക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതിയിലേക്ക് മാറ്റി. ഡോക്ടര്‍മാരടക്കം നാല്‍പ്പതോളം പേരെ ക്വാറന്‍റീനിലാക്കിയിട്ടുണ്ട്. ഐസിയുവില്‍ ഉണ്ടായിരുന്ന രോഗികളെ മറ്റൊരു ഐസിയുവിലേക്ക് മാറ്റി.
ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റിനും ഇന്ന് കൊറോണ സ്ഥിരീകരിച്ചു. ബാലുശ്ശേരി കരുമല സ്വദേശിനിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആശുപത്രിയിലെ അന്‍പതോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഉണ്ണികുളം, കരുമല വാര്‍ഡുകളില്‍ രോഗിയുമായി സമ്പര്‍ക്കത്തിലായവരുടെ പട്ടിക തയ്യാറാക്കുകയാണ്. വടകര ജില്ലാ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫിനും തിരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സ്റ്റാഫ് നഴ്സിനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വടകരയില്‍ കൊറോണ കെയര്‍ സെന്‍ററില്‍ ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകനും വൈറസ് ബാധ കണ്ടെത്തി.