തിരുവനന്തപുരം : പിണറായി വിജയനെന്ന വിഗ്രഹം ഉടഞ്ഞെന്ന് രമേശ് ചെന്നിത്തല. ഭൂരിപക്ഷ പ്രീണനത്തിനുള്ള ശ്രമമാണ് പിണറായി നടത്തിയതെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഭൂരിപക്ഷ വർഗീയ പ്രീണനത്തിനുള്ള ശ്രമം പിണറായി നടത്തുന്നു. പി ആർ ഏജൻസി ഉണ്ടെന്ന് കാര്യത്തിൽ ഇപ്പോൾ ഏതാണ്ട് വ്യക്തത വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരാണ് ഈ പി ആർ ഏജൻസിയെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റ് മാത്രം മതിയാകില്ല. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഉണ്ടോ എന്ന് പിണറായി വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ ജനങ്ങളെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അവരാരും സ്വർണക്കള്ള കടത്തുകാരല്ലെന്നും സ്വർണ കള്ളക്കടത്ത് നടത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അൻവർ യുഡിഎഫിലേക്ക് വരുമോ എന്ന ചോദ്യങ്ങൾക്കും അദ്ദേഹം പ്രതികരിച്ചു. മുന്നണിയിൽ അൻവറിനെ പ്രവേശിപ്പിക്കുമോ എന്നത് ഇപ്പോൾ പറയാൻ ആകില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കൂട്ടായ ചർച്ചകളാണ് ആവശ്യം. അൻവർ ഉന്നയിച്ച കാര്യങ്ങൾ നേരത്തെ പ്രതിപക്ഷവും പറഞ്ഞതാണ്. അൻവർ ഉന്നയിച്ച കാര്യങ്ങളിൽ മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി പറയുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.