കട്ടപ്പന: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ഇടുക്കി സ്വദേശിയായ യുവതി അറസ്റ്റില്‍. ഇടുക്കി കാഞ്ചിയാര്‍ സ്വദേശിനി സിന്ധുവാണ് അറസ്റ്റിലായത്. യൂറോപ്പ്, ഗള്‍ഫ്, ഇസ്രയേല്‍, റഷ്യ തുടങ്ങി രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി നിരവധി ആളുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങി കബളിപ്പിക്കുകയായിരുന്നു. കുവൈറ്റില്‍ ജോലി വാഗ്ദാനം ചെയ്താണ് കോഴിമല സ്വദേശിനിയായ യുവതിയില്‍ നിന്ന് പ്രതി ഒന്നര ലക്ഷം രൂപ രണ്ട് തവണയായി വാങ്ങിയത്. ആദ്യം ഒരു ലക്ഷത്തി അയ്യായിരം രൂപയും പിന്നീട് നാല്‍പ്പത്തി അയ്യായിരം രൂപയും സിന്ധു കൈക്കലാക്കിയെന്നാണ് പരാതി.
കോഴിക്കോട്, വയനാട് സ്വദേശികളുടെ പക്കല്‍ നിന്നും സമാന രീതിയില്‍ പ്രതി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പണം നഷ്ടമായവര്‍ ഡല്‍ഹിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. പരാതിക്കാരിയായ ഷൈനിയുടെ ബന്ധുവായ യുവാവില്‍ നിന്നും ഒമാനില്‍ ജോലി വാഗ്ദാനം ചെയ്ത് പ്രതി പണം തട്ടിയതായും പരാതി ലഭിച്ചിട്ടുണ്ട്. സിന്ധുവിനെ സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.