ഇടുക്കി : കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. വ്യാഴാഴ്ച രാത്രിയാണ് കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് 300 ക്യുമെക്‌സ് വരെ വെള്ളം ഒഴുക്കിവിടുന്നതിന് ജില്ലാ കലക്ടര്‍ ഉത്തരവായത്. ഇതിന്റെ ഭാഗമായി കാലവര്‍ഷ, തുലാവര്‍ഷ മുന്നൊരുക്ക, ദുരന്തപ്രതികരണ മാര്‍ഗരേഖയില്‍ പ്രതിപാദിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് അതീവജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ അടിയന്തര സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കല്ലാര്‍കുട്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കാലവര്‍ഷത്തെത്തുടര്‍ന്ന് തുടര്‍ച്ചയായി മഴ പെയ്യുകയാണ്. ഇതെത്തുടര്‍ന്ന് ജലനിരപ്പ് 454.5 മീറ്ററെത്തി.
പരമാവധി ജലനിരപ്പ് 456.60 മീറ്ററാണ്. ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവല്‍ (455 മീറ്റര്‍) എത്താറായ സാഹചര്യത്തില്‍ എമര്‍ജന്‍സി പ്ലാനിങ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇടുക്കി ജില്ലയില്‍ ആഗസ്ത് 7 മുതല്‍ എട്ടുവരെ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.