ഇടുക്കി: ഇടുക്കിയിൽ ശക്തമായ മഴയ്ക്ക് ശമനം. പലയിടങ്ങളിലും ഇന്ന് നേരിയതോതിലുള്ള മഴയാണ് ലഭിച്ചത്. എന്നാൽ മഴക്കെടുതി രൂക്ഷമാണ്. രാത്രിയിലും നേരിയ തോതില്‍ ആയിരുന്നു മഴ . രാവിലെ മഴ മാറി. ചിലയിടങ്ങളിൽ വെയിൽ ലഭിച്ചു. ഗ്രീൻ അലർട്ട് ആണ് ഇന്ന് ജില്ലയിലുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ ദേവികുളം താലൂക്കിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്. ഏറ്റവും കുറവ് ഉടുമ്പൻചോലയിലും. മൂന്നാറിലാണ് ഇന്ന് മഴക്കെടുതി രൂക്ഷം. ഗ്യാപ്പ് റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞുവീണു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
വലിയ പാറക്കല്ലുകളും മണ്ണുമാണ് റോഡിലേക്ക് ഇടിഞ്ഞുവീണത്. ആളപായം ഉണ്ടായിട്ടില്ല. മൂന്നാർ ന്യൂ കോളനിയിൽ രണ്ടു വീടുകൾ തകർന്നു . വള്ളി ഗണേഷൻ, കാളി അന്നക്കിളി എന്നിവരുടെ വീടുകളാണ് തകർന്നത്. വള്ളി ഗണേശന്റെ വീട് പൂർണമായും കാളി അന്നക്കിളിയുടെ വീട് ഭാഗികമായുമാണ് തകർന്നത്. പൂർണ്ണമായും തകർന്ന വീടിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് രണ്ടാമത്തെ വീട് തകർന്നത്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് വീടുകളിൽ ഉള്ളവരെ ഇന്നലെ വൈകിട്ടോടുകൂടി ഒഴിപ്പിച്ചിരുന്നു.