ഇടുക്കി: തോപ്രാംകുടിയിലെ മൃഗാശുപത്രി ജീവനക്കാരിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് തോപ്രാംകുടി ടൗണിലെ വ്യാപാര ശാലകള്‍ അടച്ചു. മുരിക്കാശേരി പോലീസും ആരോഗ്യ പ്രവര്‍ത്തകരും മുന്നറിയിപ്പുമായി രംഗത്തിറങ്ങി. കോവിഡ് ബാധിച്ച സ്ത്രീ മുരിക്കാശേരിയിലെ ഒരു കടയിലും എത്തിയിരുന്നു. ഇന്ന് രാവിലെയാണ് ഇവര്‍ ഈ കടയില്‍ എത്തിയത്. കട പോലീസ് അടപ്പിച്ചു.
സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ ആശങ്കയാകുന്നു. ജൂലൈ 1 മുതല്‍ 9 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ പത്തു മടങ്ങ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ജൂലൈ 1ന് വെറും 13 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരുന്നതെങ്കില്‍ ജൂലൈ 9 ആയപ്പോള്‍ ഇത് 133 ആയി ഉയര്‍ന്നു. ഒരു ദിവസം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കേരളത്തിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നതിന്റെ തെളിവാണിത്. സമൂഹ വ്യാപന സാധ്യതയാണ് മുന്നിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സൂചന നല്‍കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിന്ന്. 339 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഇന്ന് സമ്പര്‍ക്കത്തിലൂടെ 88 പേര്‍ക്കാണ് രോഗം ബാധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗബാധിതരുടെ എണ്ണം 300 കടക്കുന്നത്. കഴിഞ്ഞ ദിവസം 301 പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. സൂപ്പര്‍ സ്പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കുമുള്ള സാധ്യത വര്‍ധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.