നല്ല ഈർപ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് വെറ്റില കൃഷിക്ക് ഏറ്റവും അനുയോജ്യം. സാധാരണഗതിയിൽ കേരളത്തിൽ തെങ്ങും കവുങ്ങും മാവും പ്ലാവും ഇടതൂർന്നു നിൽക്കുന്ന പറമ്പുകളിൽ ആണ് വെറ്റില സർവ്വസാധാരണമായി കർഷകർ കൃഷി ചെയ്യുന്നത്. നല്ല വളക്കൂറും നീർവാർച്ചയുമുള്ള മണ്ണിൽ വെറ്റില കൃഷി ചെയ്യാനാവില്ല. വെട്ടുകൽ മണ്ണ് ആണ് ഇതിന് ഏറ്റവും അനുയോജ്യം. ഇത് കൃഷി ചെയ്യുവാൻ ഏറ്റവും അനുയോജ്യമായ താപനില 10 ഡിഗ്രി സെൽഷ്യസിനും 40 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. വെറ്റില കൃഷിയിൽ മികച്ച വിളവ് തരുന്ന ഇനങ്ങളാണ് തുളസി, വെൺമണി, അരിക്കൊടി, കരീലാഞ്ചി കർപ്പൂരം, കുറ്റകൊടി, നന്ദൻ, പെരുങ്കുടി അമരവിള തുടങ്ങിയവ. സാധാരണഗതിയിൽ ഇടവകൊടി ജൂൺ മാസത്തിലും തുലാകൊടി ഓഗസ്റ്റ് മാസത്തിലാണ് കൃഷി ചെയ്യുന്നത്.
കൃഷി ചെയ്യുന്ന വിധം
കേരളത്തിൽ സാധാരണ പ്രധാന വിളകൾക്ക് ഇടയിലാണ് ഇത് കൃഷി ചെയ്യുന്നത്. അതിനാൽ സ്ഥലം തെരഞ്ഞെടുക്കുന്നതിലും മണ്ണൊരുക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇല്ല. പത്തുമുതൽ 15 സെൻറീമീറ്റർ നീളവും 25 സെൻറീമീറ്റർ വീതം വീതിയും ആഴവുമുള്ള ചാലുകൾ കീറി ആണ് ഇത് കൃഷി ചെയ്യുന്നത്. ചാലുകൾ തമ്മിൽ ഒരു മീറ്റർ അകലം ഉണ്ടായിരിക്കണം. ചാണകവും പച്ചിലയും ചാരവും മേൽമണ്ണുമായി കലർത്തി കൃഷി ആരംഭിക്കാം. മൂന്നു വർഷം പ്രായമായ കൊടികളുടെ തലപ്പ് കൃഷിക്ക് മികച്ചതാണ്.
ആരോഗ്യമുള്ള മൂന്നു മുട്ടുകളും ഒരു മീറ്റർ നീളവുമുള്ള വള്ളികൾ നടാൻ ഉപയോഗിക്കാം. ഒരു ഹെക്ടറിൽ നടാൻ ഏകദേശം 20000 മുതൽ 25000 വരെ തലപ്പുകൾ വേണ്ടിവരുന്നു. നേരത്തെ തയ്യാറാക്കിയിട്ടുള്ള ചാലുകൾ നനച്ചശേഷം 20 സെൻറീമീറ്റർ അകലെ തലപ്പുകൾ നടാം. നടുമ്പോൾ ഒരു മുട്ട് മണ്ണിനടിയിൽ ആകാത്തക്കവിതവും മറ്റേത് മണ്ണിനു മുകളിൽ വരുന്ന രീതിയിലും നടാവുന്നതാണ്. അതിനുശേഷം ചുറ്റുമുള്ള മണ്ണ് അമർത്തി കൊടുക്കുന്നത് പെട്ടെന്ന് മുളച്ചു വരുന്നതിന് സഹായകമാകും. നട്ട ഉടനെ തണൽ നൽകണം. വളർച്ചയുടെ ആദ്യ ഘട്ടത്തിൽ കൊടികളിൽ വെള്ളം തളിച്ചുകൊടുക്കുന്നത് നല്ലതാണ്. എപ്പോഴും ഇവയ്ക്ക് മിതമായി നനച്ചു കൊടുക്കുന്നതാണ് നല്ലത്. തടത്തിൽ അരമണിക്കൂറിൽ കൂടുതൽ വെള്ളം നിൽക്കാത്ത വിധത്തിലുള്ള നന മാത്രമേ ആവശ്യമുള്ളൂ. നനയ്ക്കുവാൻ സമയം രാവിലെയോ വൈകുന്നേരമോ ആണ്.
പരിപാലനം
നട്ട് ഒരുമാസത്തിനകം വള്ളി പടരാൻ തുടങ്ങും. പന്തൽ ഒരുക്കുവാൻ മുളംകമ്പുകൾ ഇടവിട്ട് നാട്ടി കൊടുക്കുക. ഇതിനായി മുള കമ്പുകളെ പരസ്പരം ബന്ധിപ്പിക്കുകയും മുകളിൽ വാരി കൊണ്ടോ ഇഴ പാകുകയും ചെയ്യുക. വള്ളികൾ വളരുന്നതിനനുസരിച്ച് 15 മുതൽ 20 ദിവസത്തിലൊരിക്കൽ പന്തലിൽ പടർത്തി കൊടുക്കുക. രണ്ടാഴ്ച കൂടുമ്പോൾ ചാരവും ഉണങ്ങിയ ഇലയും ഇട്ടു കൊടുക്കുകയും ഇടയ്ക്ക് ചാണകം കലക്കി തളിക്കുകയും ചെയ്യുക. നട്ട് നാലുമാസം വരെ ചവറും ചാണകവും ചേർക്കണം.