ന്യൂഡൽഹി : വിദേശ കോവിഡ് വാക്സീന്‍ നിർമ്മാതാക്കളായ ഫൈസറും മോഡേർണയും നഷ്ടപരിഹാരം ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചതിനു പിന്നാലെ സീറം ഇൻസ്റ്റിറ്റ്യൂട്ടും സമാന ആവശ്യം ഉന്നയിച്ചു രംഗത്തെത്തി. ഇന്ത്യയിൽ അംഗീകാരം ലഭിക്കുന്ന ഏതു വാക്സീനും പ്രാദേശിക വിദേശ ഭേദമില്ലാതെ ഒരേ സംരക്ഷണം നൽകണമെന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാസെനക മരുന്നു കമ്പനിയും ചേർന്നു വികസിപ്പിച്ച വാക്സീൻ ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ ഉത്പാദിപ്പിക്കുന്നത് പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് (എസ്ഐഐ). നിയമം എല്ലാവർക്കും ഒരുപോലെയാകണമെന്നും വിദേശ വാക്സീനുകൾക്ക് നഷ്ടപരിഹാര ബാധ്യതയിൽനിന്ന് സംരക്ഷണം നൽകുകയാണെങ്കിൽ എല്ലാ വാക്സീൻ കമ്പനികള്‍ക്കും ഇളവു നൽകണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഇക്കാര്യത്തിൽ ഇതുവരെ ഒരു ഇളവും സർക്കാർ ആർക്കും നൽകിയിട്ടില്ല. ഗുരുതരമായ പാർശ്വഫലങ്ങളുണ്ടായാൽ വാക്സീൻ എടുത്തവർക്കു നഷ്ടപരിഹാരം നൽകുന്നതിൽനിന്നും മരുന്നു കമ്പനികൾക്ക് നിയമ നടപടികളിൽനിന്നും സംരക്ഷണം നൽകുകയുമാണ് ഈ നടപടികൊണ്ട് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ വാക്സീൻ വിതരണം ചെയ്യണമെങ്കിൽ ഈ നിബന്ധന ഒഴിവാക്കണമെന്നതാണ് ഫൈസറും മോഡേർണയും പ്രധാനമായി ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങൾ ഈ സംരക്ഷണം കമ്പനികൾക്കു നൽകിയിട്ടുണ്ടെന്നും അതിൽ കുഴപ്പമില്ലെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ ഇന്നലെ സൂചിപ്പിച്ചിരുന്നു.