ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പരോക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എംഎം മണി. എസ് രാജേന്ദ്രന് എല്ലാം നൽകിയത് പാർട്ടിയാണെന്ന് പറഞ്ഞ അദ്ദേഹം ഡീൻ കുര്യാക്കോസിനെതിരായ വിമർശനത്തിൽ ഉറച്ചുനിന്നു. താൻ പറയുന്നത് തന്റേതായ രീതിയിലും ശൈലിയിലുമാണ്. അതങ്ങനെ മാറ്റാൻ പറ്റില്ല. ഓരോരുത്തർക്കും അവരുടെ രീതിയുണ്ട്. കേസുകളെ ഭയക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം തന്നെയും വിമര്‍ശിക്കുന്നില്ലേയെന്നും ചോദിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എംഎം മണി പ്രതികരിച്ചത്. ഞാൻ ജില്ലാ സെക്രട്ടറിയായ കാലത്താണ് രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയിലെടുത്തത്. രാജേന്ദ്രൻ അത് മറന്നതു കൊണ്ടാണ് പാര്‍ട്ടിക്ക് നടപടി എടുക്കേണ്ടി വന്നത്.
പാര്‍ട്ടി നൽകിയത് എല്ലാം മറന്ന് പാർട്ടിക്കെതിരെ പ്രവർത്തിച്ചാൽ അതിനെ പിതൃരഹിത പ്രവർത്തനം എന്നാണ് പറയുക. അത് രാജേന്ദ്രനല്ല ഞാൻ ചെയ്താലും മറ്റാര് ചെയ്താലും അങ്ങനെ തന്നെയാണ്. എസ് രാജേന്ദ്രൻ പാർട്ടിവിട്ട് പോകില്ലെന്നാണ് കരുതുന്നത്. എംഎം മണി പറഞ്ഞു.