മുരിങ്ങക്ക പലരുടെയും ഇഷ്ട്ട വിഭവമാണ്. നന്നായി വിളവ് ലഭിക്കാന്‍ മുരിങ്ങ നടുമ്പോള്‍ കണക്കിലെടുക്കേണ്ട ചിലകാര്യങ്ങള്‍ ഉണ്ട്. എല്ലാത്തരം മണ്ണിലും കാലാവസ്ഥയിലും മുരിങ്ങ നന്നായി വളരുന്നു. വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ മുരിങ്ങ കൃഷിക്ക് അനുയോജ്യമല്ല. കമ്പ് നട്ടാണ് സാധാരണഗതിയിൽ മുരിങ്ങ വെച്ചുപിടിപ്പിക്കുന്നത്. എന്നാൽ ചില ഇനങ്ങൾ വിത്ത് പാകിയും വളർത്തി എടുക്കാവുന്നതാണ്. നടുന്നതിനായി ഒരു കൊല്ലം പ്രായമുള്ള മുരിങ്ങ കമ്പ് ഉപയോഗിക്കാവുന്നതാണ്. വെട്ടിയെടുത്ത ഉടൻ മുരിങ്ങ കമ്പ് നടുന്നതിനേക്കാൾ അനുയോജ്യം ഒരാഴ്ചയോളം തണലിൽ സൂക്ഷിച്ചശേഷം നടന്നതാണ്. കമ്പുകൾ ചരിച്ച് അടുക്കി സൂക്ഷിക്കേണ്ടതാണ്. ഈ സമയം കൊണ്ട് കമ്പിന്റെ ചുവടുഭാഗം ഉണങ്ങി തുടങ്ങുന്നു. വിത്ത് ഉപയോഗിച്ച് കൃഷി ചെയ്യുകയാണെങ്കിൽ പ്രത്യേക നഴ്സറികളിലോ മണ്ണ് നിറച്ച പോളിത്തീൻ ബാഗുകളിലോ വിത്ത് ഇടാവുന്നതാണ്.
നടേണ്ട സ്ഥലം തെരഞ്ഞെടുക്കുമ്പോൾ നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലം തന്നെ തെരഞ്ഞെടുക്കണം. 60 സെൻറീമീറ്റർ വീതം നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് മേൽമണ്ണും ജൈവ വളവും ചേർത്ത് ഇളക്കി രണ്ടാഴ്ചയോളം കഴിഞ്ഞു വേണം കമ്പ് അല്ലെങ്കിൽ തൈ നടുവാൻ. ചെടി ഒന്നിന് 10 കിലോ വരെ ചാണകം, രണ്ട് കിലോ വരെ വേപ്പിൻ പിണ്ണാക്ക്, അര കിലോ വരെ റോക്ക് ഫോസ്ഫേറ്റ്, ഒരു കിലോ ചാരം എന്നിവ നൽകാം. ചെടികൾ തമ്മിലുള്ള അകലം 4 മീറ്ററെങ്കിലും ഉണ്ടാവാൻ പ്രത്യേകം ശ്രദ്ധിക്കുക. വേനൽക്കാലത്ത് നല്ല രീതിയിൽ ജലസേചനം നൽകണം. ചെടികൾ നേരെ വളരുവാൻ ഊന്ന് കൊടുക്കണം. കൃഷിയിൽ സാധാരണയായി കണ്ടുവരുന്ന കീടരോഗ സാധ്യതകൾ അകറ്റുവാൻ പുകയില കഷായം, വേപ്പെണ്ണ അടങ്ങിയ ജൈവ കീടനാശിനികൾ എന്നിവ ഉപയോഗപ്പെടുത്താം.