കൊച്ചി : നിലമ്പൂര്‍ എം.എല്‍.എ അന്‍വറിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. മറുനാടന്‍ മലയാളി ഷാജന്‍ സ്കറിയായെ സോഷ്യല്‍ മീഡിയായിലൂടെ പരസ്യമായി വെല്ലുവിളിച്ചതാണ് തുടക്കം. ഇടതുപക്ഷത്തിന്റെ കണ്ണിലെ കരടായിരുന്നു മറുനാടന്‍ ഷാജന്‍. ആര്‍ക്കും കിട്ടാത്ത വാര്‍ത്തകള്‍ തെളിവുകള്‍ സഹിതം നിരത്തി അവതരിപ്പിക്കുമ്പോള്‍ ചൂളിപ്പോയത് ഇവിടുത്തെ കുത്തക പത്രങ്ങളും ടി.വി ചാനലുകളുമാണ്. യുസഫലി എന്ന വ്യവസായിയും മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനലുമായുള്ള വിഷയം പി.വി അന്‍വര്‍ മനപൂര്‍വ്വം ഏറ്റെടുക്കുകയായിരുന്നു. പി.വി അന്‍വറിന് പണ്ടുമുതല്‍ ശത്രുവായിരുന്നു സത്യം വിളിച്ചുപറയുന്ന ഷാജന്‍ സ്കറിയാ. അന്‍വറിന്റെ നിയമവിരുദ്ധമായ പല നടപടികളും പുറത്ത് കൊണ്ടുവന്നതും ഷാജന്‍ സ്കറിയാ ആണ്. അന്‍വറിനെതിരെയുള്ള നിരവധി വാര്‍ത്തകള്‍ തെളിവുകള്‍ സഹിതം ഇപ്പോഴും ഇന്റര്‍നെറ്റില്‍ ഉണ്ട്. അതുകൊണ്ടുതന്നെ അന്‍വറിന്റെ മനസ്സില്‍ ദീര്‍ഘനാളായുള്ള പകയാണ് വെല്ലുവിളിയായി പുറത്തു വന്നത്.
മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തെറ്റായ കാര്യങ്ങള്‍ ആണെങ്കില്‍ പരാതി നല്‍കുവാന്‍ നിരവധി വേദികള്‍ നിലവിലുണ്ട്. എന്നാല്‍ അതിനൊന്നും തുനിയാതെ തെരുവ് ഗുണ്ടയെപ്പോലെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടി അംഗീകരിക്കാനാവില്ല, പ്രത്യേകിച്ച് ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും. നിയമവും കോടതിയും നിലനില്‍ക്കുന്ന ജനാധിപത്യ രാജ്യത്ത് നടക്കുന്ന ഈ നടപടി ജനങ്ങള്‍ അംഗീകരിക്കില്ല. തെറ്റോ കുറ്റമോ ഉണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കണം, എന്നാല്‍ അതിനു തുനിയാതെ ഗുണ്ടായിസത്തിലൂടെ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുവാനാണ് നീക്കമെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുകതന്നെ ചെയ്യുമെന്ന് ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് എല്ലാ പിന്തുണയും സംഘടന വാഗ്ദാനം ചെയ്തു.