പാലക്കാട്: പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് വന്നാൽ മത്സരിക്കാനില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. സി.എ.എ നടപ്പാക്കിയതിനെ പിന്തുണയ്ക്കുന്നു. മുസ്‌ലിംകളെ ഒഴിവാക്കിയത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിൽ മോദി സർക്കാർ രാജ്യത്ത് നടപ്പാക്കിയ വികസനപ്രവൃത്തികൾ തുടരണം. അതിനു മോദി സർക്കാരിന് എല്ലാ പിന്തുണയും നൽകണമെന്നാണ് എന്റെ അഭിപ്രായം. ബി.ജെ.പിക്ക് പാലക്കാട്ട് നല്ല സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിത്വത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്ക് വയസ് 94 ആകാനായി. അതുകൊണ്ട് അതു ചെയ്യുന്നത് ശരിയല്ല. പ്രചാരണരംഗത്ത് സജീവമാകാനാകില്ല. ഓടിനടക്കാനാകില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ മത്സരിക്കില്ല. ഞാനിനി മത്സരത്തിനില്ല. ആ പ്രായം കഴിഞ്ഞു.
ഈ വയസ്സുകാലത്ത് മത്സരിക്കുന്നത് ജനങ്ങളോട് ചെയ്യുന്ന തെറ്റാണ്. അവർക്ക് ഒന്നും ചെയ്യാനാകില്ല. സി.എ.എയും രാമജന്മഭൂമിയുമെല്ലാം മതപ്രകാരം ചെയ്യുന്ന കാര്യങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ആവശ്യമുള്ള കാര്യങ്ങളാണ് അവർ ചെയ്യുന്നതെന്നും ശ്രീധരൻ പറഞ്ഞു. സി.എ.എ ഒരു വിഭാഗത്തിനു കൊടുക്കുന്നത് ശരിയാണ്. മുസ്‌ലിംകളെ ഒഴിവാക്കിയത് ശരിയാണ്. അവർ മറ്റു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളാണ്. മുസ്‌ലിം രാജ്യങ്ങളിൽനിന്നു വന്നവരാണ്. അവിടെ നിവൃത്തിയില്ലാതെയാണ് ഇവിടെ വന്നതെന്നും ശ്രീധരൻ പറയുന്നു.