റാന്നി : ഫാസിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കണമെങ്കില്‍ രണ്ടാം സ്വതന്ത്ര്യസമരം നടത്തേണ്ടിവരുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സി.പി.ഐ റാന്നി ലോക്കല്‍ സമ്മേളനത്തിന്‍റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സംസ്ക്കാരങ്ങളാല്‍ സമ്പന്നമായ രാജ്യത്തെ തച്ചുടച്ച് മതരാഷ്ട്രമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സാഹോദര്യം ഊട്ടിഉറപ്പിച്ച് ഭരണഘടന എഴുതിയ അംബേദ്കര്‍ ഇന്ത്യയെ മതനിരപേക്ഷ രാജ്യമായിട്ടാണ് കണ്ടത്. എന്നാല്‍ ഇന്ത്യന്‍ സംസ്ക്കാരത്തെ ഇല്ലാതാക്കി കുത്തകകള്‍ക്ക് തീറെഴുതുകയാണ് ബി.ജെ.പി ചെയ്യുന്നത്.
സമാധാന ജീവിതം കാംക്ഷിക്കുന്ന മതേതര മനസ്സുകളെ വേദനിപ്പിക്കാന്‍ മാത്രമേ പഹല്‍ഗാം പോലുള്ള ഭീകരാക്രമണങ്ങള്‍ ഉപകരിക്കു. ഭീകരവാദികള്‍ ഉന്നമിടുന്ന തരത്തില്‍ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ കഴിയില്ല എന്നും ചിറ്റയം പ്രതികരിച്ചു. ലോക്കല്‍ സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്, ലിസി ദിവാന്‍, എം.വി പ്രസന്നകുമാര്‍, മണ്ഡലം സെക്രട്ടറിയേറ്റംഗം ആര്‍. നന്ദകുമാര്‍, മണ്ഡലം കമ്മറ്റിയംഗങ്ങളായ ജോയി വള്ളിക്കാല, കെ.കെ വിലാസിനി, എം.ശ്രീജിത്ത്, വിപിന്‍ പൊന്നപ്പന്‍, രഞ്ജിത്ത് റാന്നി എന്നിവര്‍ പ്രസംഗിച്ചു.