രാജ്യത്തെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്ക് കാർ ഏതെന്ന ചോദ്യത്തിന് എല്ലാവരുടെയും മനസിൽ തെളിയുന്ന ഒരു ചിത്രമുണ്ട്. അത് മറ്റാരുടേയുമല്ല, മാരുതി സുസുക്കി ആൾട്ടോയുടെ രൂപമാണ്. ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇത് ഇഷ്‌ടപെടുന്നവർ എല്ലാ പ്രായക്കാരുമുണ്ട് എന്നതാണ്. കാഴ്‌ചയിൽ കുഞ്ഞൻ ആണെങ്കിലും ലക്ഷക്കണക്കിന് യൂണിറ്റുകൾ വിറ്റഴിച്ച മാരുതിയുടെ മുൻനിര മോഡലാണിത്. എന്നാൽ ഇപ്പോഴിതാ ഈ വാഹനം കാർ ക്യാന്റീൻ സ്‌റ്റോർ ഡിപ്പാർട്ട്‌മെന്റിലും അഥവാ സിഎസ്‌ഡിയിലും ലഭ്യമായിക്കഴിഞ്ഞു. ഇനി രാജ്യത്തെ സേവിക്കുന്ന എല്ലാ സൈനികർക്കും ഈ കാർ ഇവിടെ നിന്നും വാങ്ങാനാകും. എന്ന് മാത്രമല്ല വലിയ വിലക്കുറവും ഇവിടെ അവരെ കാത്തിരിക്കുന്നുണ്ട്. 87,000 രൂപയോളം വില കുറയും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവിടെ സൈനികർക്ക് ജിഎസ്‌ടി നൽകേണ്ടതില്ല എന്നതാണ് വിലക്കുറവിന് കാരണം.
മാരുതി ആൾട്ടോ ആൾട്ടോ കെ10ന്റെ ആകെ 7 വേരിയന്റുകൾ ഇത്തരത്തിൽ സൈനികർക്ക് ലഭ്യമാകും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുകളും, പെട്രോൾ, സിഎൻജി വേരിയന്റുകളിലായും നിങ്ങൾക്ക് ഇത് വാങ്ങാനാകും എന്നതാണ് ഏറ്റവും വലിയ ഗുണം. നിലവിൽ രാജ്യത്ത് 3.99 ലക്ഷം രൂപയാണ് ആൾട്ടോ കെ10ന്റെ എക്‌സ് ഷോറൂം വില. അതേസമയം ഈ വർഷം ഓഗസ്‌റ്റിൽ ആൾട്ടോ ബ്രാൻഡ് 45 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. ആദ്യമായി 2000ൽ ആണ് ഈ മോഡൽ വിപണിയിൽ എത്തിച്ചത്. നിലവിലെ കെ10 പതിപ്പിന് പുറമെ 800 രൂപത്തിലും ഈ വാഹനം ലഭ്യമാണ്. എന്നാൽ ചില സാമ്പത്തിക പോരായ്‌മകൾ കാരണം ഈ വർഷം ഏപ്രിലിൽ ഈ പതിപ്പിന്റെ നിർമ്മാണം നിർത്തലാക്കിയിരുന്നു. നിലവിൽ രാജ്യത്ത് ലഭ്യമായ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിൽ ഒന്ന് കൂടിയാണ് ആൾട്ടോ. ഇതിന് പുറമെ ഈ വാഹനത്തെ കൊടുത്താൽ ജനകീയമാക്കുന്നത് ഇതിന് മെയിന്റനൻസ് ചിലവ് മറ്റു വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നതാണ്.