കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ സമയയാഗ ക്രിയകളിലേക്കു കടന്നു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സോമയാഗത്തിന്റെ ഭാഗമായി ഇന്നലെ (25-4-2024) നിരവധി ഇഷ്ടികൾ (ചെറു യാഗങ്ങൾ) നടന്നു. സൂര്യോദയത്തിനു മുൻപ് തന്നെ ആരംഭിച്ച യാഗ പദ്ധതികളിൽ സാധാരണ ദൈനം ദിന കർമങ്ങൾക്കു പുറമെ അതിരാത്രം ആരംഭിക്കുന്നതിനു മുൻപായുള്ള അഥിതി ഇഷ്ടി നടത്തി. ദേവ മാതാക്കളെ പ്രീതിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ദേവന്മാരുടെ അമ്മമാരെ ക്ഷണിക്കുക എന്ന ചടങ്ങാണിത്. തുടർന്ന് ലോകത്തിന്റെ നിലനിൽപ്പ് മാതൃ ശക്തിയിലാണെന്നും അമ്മമാരെ പ്രീതിപ്പെടുത്തേണ്ടത് ലോക നന്മക്കു ഒഴിച്ചുകൂടാനാകാത്തതാണെന്നും ഉള്ള സങ്കല്പത്തോടെ പ്രായണീയ ഇഷ്ടി എന്ന യാഗം നടത്തി.
അതിരാത്ര യാഗത്തിലെ ഏറ്റവും മനോഹരവും ഏറ്റവും വൈദിക പ്രാധാന്യമുള്ളതുമായ ആദ്യ പ്രവർഗ്യം ഇന്നലെ ഉച്ചക്ക് 1 മണിക്ക് ശേഷം നടന്നു. രാവിലെ 11 മണി മുതൽ പ്രവർഗ്യ ചടങ്ങുകൾ ആരംഭിച്ചു. ഇതിനു ആവശ്യമുള്ള പ്രധാന ഹവിസ്സുകൾ സോമലതയും പശു ആട് തുടങ്ങിയ മൃഗങ്ങളുടെ പാലുമാണ്. ആദ്യം സോമലത ഒരു കുതിര വണ്ടിയിൽ യാഗ ശാലയ്ക്ക് പ്രദക്ഷിണം വെച്ച് പ്രധാന യാഗ ശാലയിലേക്ക് കൊണ്ടുവരുന്ന സോമ പരിവാഹനം നടത്തി. സുബ്രമണ്യ ആഹ്വാനത്തിനു ശേഷമാണ് ഈ ക്രിയ നടന്നത്. ഇങ്ങനെ കൊണ്ട് വന്ന സോമം യജമാനൻ പണം കൊടുത്ത് വാങ്ങുന്ന സോമ ക്രയം ചടങ്ങു നടന്നു. തുടർന്ന് ഒരു പശുവിനെയും ആടിനെയും യാഗ ശാലയിലേക്ക് കൊണ്ടുവന്നു പാൽ കറന്നെടുത്തു. പിന്നീടാണ് പ്രവർഗ്യ ഹോമം നടന്നത്.
രണ്ടു തവണയാണ് ഹോമ കുണ്ഡത്തിൽ നിന്ന് ഹുങ്കാര ശബ്ദത്തോടെ അഗ്നി ഉയർന്നത്. കർമത്തിന് സാക്ഷികളായ ഭക്തരെ ഇത് ആത്മീയതയുടെ ഉയരങ്ങളിലെത്തിച്ചു. മഹാവീരം എന്ന കാലുള്ള ഒരു മൺപാത്രം നിലത്തു കുഴിച്ചിട്ട് അതിൽ നെയ്യ് ഒഴിച്ച് നാല് പുറവും തീയിട്ടു കത്തിച്ചു. തുടർന്ന് മൂന്ന് വേദ മന്ത്രങ്ങളും ചൊല്ലി ദീർഘനേരം നേരം പ്രവർഗ്യ ഹോമം നടന്നു. നന്നായി കത്തി തുടങ്ങിയ നെയ്യിൽ ഒരു ചെറുതവി പശുവിൻ പാലും ആട്ടിൻ പാലും ഹോമിച്ചപ്പോഴാണ് അഗ്നി ഉയരത്തിലേക്ക് ജ്വലിച്ചത്. സോമത്തിനെ (സോമ ലത) യാഗത്തിൽ അതിഥിയാണ് കണക്കാക്കുന്നത്. സോമക്രയം എന്ന ചടങ് യാഗങ്ങളിൽ വളരെ പ്രധാനമാണ്. രാജാവ് തന്റെ ശരീരം തന്നെ ഹോമിക്കുന്നു എന്ന സങ്കല്പത്തിലാണ് സോമം ഹോമിക്കുന്നത്
വൈകിട്ട് നാല് മുതൽ വീണ്ടും വൈദിക ചടങ്ങുകൾ ആരംഭിച്ചു. 6.30 നു പ്രധാന വൈദികൻ ഡോക്ടർ ഗണേഷ് ജോഗലേക്കർ പ്രഭാഷണം നടത്തി. പ്രപഞ്ചത്തിന്റെ നില നിൽപുപോലും യജ്ഞത്തിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്നും യന്ജം അഥവാ യാഗം യജിക്കലിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചഭൂതങ്ങളും സൂര്യനും അവരുടെ വിഭൂതികൾ നമുക്ക് യജിക്കുന്ന അഥവാ ദാനം ചെയ്യുന്ന യാഗമാണ് എപ്പോഴും നടന്നു കൊണ്ടിരിക്കുന്നതെന്നും അതുകൊണ്ടാണ് ജീവജാലങ്ങൾ നില നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള കടമ നിറവേറ്റലാണ് നാം ദ്രവ്യങ്ങൾ കൊണ്ട് യാഗം ചെയ്യുന്നതും അത് അഗ്നി ദേവതയുടെ സർവ്വ ദേവതകൾക്കും ലഭിക്കുന്നതെന്നും അറിയിച്ചു. വൈകിട്ട് 7. 30 നു ശ്രീദേവി ഭജൻസ് ഭരണിക്കാവ് അവതരിപ്പിച്ച ഭജൻ നടന്നു.
നാളെയും (27 – 4 – 2024 ) പ്രവർഗ്യ ക്രിയ തുടരും. സൂര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിക്കും. രാവിലെ 11 മണിക്ക് പ്രവർഗ്യ ഒരുക്കങ്ങൾ ആരംഭിക്കും. ശേഷം യാഗ ക്രിയകൾ പുരോഗമിച്ചു പൂർത്തിയാകുന്ന മുറക്ക് രണ്ടാം ദിനത്തിലെ പ്രവർഗ്യം നടക്കും. പ്രവർഗ്യ ദർശനത്തിനായി 11 മണിക്ക് തന്നെ ഭക്തർ എത്തിച്ചേരണമെന്നാണ് ആചാര്യന്മാർ അറിയിച്ചിരിക്കുന്നത്. നിലവിൽ സോമ പൂജയാണ് യാഗ ശാലയിൽ നടക്കുന്നത്. സോമപൂജകളിൽ വഴിപാടായി ഭക്തർക്ക് പങ്കെടുക്കാം. ഇത് കുടുംബ പൂജയായും വ്യക്തി പൂജയായും ചെയ്യുന്നു. യാഗാർച്ചന, കളത്ര മന്ത്രാർച്ചന, പ്രവർഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂർണ യാഗം എന്നിങ്ങനെയും ഭക്തർക്ക് പൂജകൾ ചെയ്യാം. വിഷ്ണു മോഹൻ, അനീഷ് വാസുദേവൻ പോറ്റി, പി ആർ മുരളീധരൻ നായർ, ആർ അനിൽ രാജ്, അഭിലാഷ് അയോദ്ധ്യ, വി പി ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ, തുടങ്ങിയവരാണ് അതിരാത്രത്തിനു നേതൃത്വം വഹിക്കുന്നത്. അതിരാത്രം മെയ് 1 നു അവസാനിക്കും.