കോന്നി: കോന്നി മെഡിക്കല്‍ കോളേജില്‍ അനധികൃത നിയമനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കോന്നി താലൂക്ക് വികസന സമിതിയില്‍ ആവശ്യമുയര്‍ന്നു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്‍ മുത്തലീഫ് ആണ് വികസന സമിതിയില്‍ ആവശ്യമുന്നയിച്ചത്. മാത്രമല്ല കോന്നിയില്‍ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ കോന്നി മെഡിക്കല്‍ കോളേജില്‍ പേ വിഷ ബാധക്കുള്ള വാക്‌സിന്‍ ലഭ്യമല്ലെന്നും ഇത് എത്തിക്കുവാന്‍ അടിയന്തിര നടപടി ഉണ്ടാകണം എന്നും മുത്തലീഫ് ആവശ്യപ്പെട്ടു. കോന്നി താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുന്നത് പൊതു ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു എന്നും ഈ വിഷയത്തില്‍ അടിയന്തിര നടപടി ഉണ്ടാകണം ആവശ്യമുയര്‍ന്നു. കോന്നി താലൂക്കില്‍ ഡെങ്കിപനി വ്യാപകമാവുകയാണ്. ഇതിന് തടയിടുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം. കോന്നി താലൂക്കില്‍ സര്‍വേയര്‍മാരുടെ കുറവുണ്ടെന്നും ഇത് നികത്തണം എന്നും യോഗം ആവശ്യപ്പെട്ടു.
എ്‌നനാല്‍ ഡിജിറ്റല്‍ സര്‍വെയര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും താലൂക്ക് സര്‍വെയര്‍മാരുടെ ഒഴിവ് നികത്തുവാന്‍ ഉണ്ടെന്നും റവന്യു വകുപ്പ് അധികൃതര്‍ മറുപടി നല്‍കി. കോന്നിയിലെ സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ യൂണിഫോം ധരിക്കാതെ ജോലി ചെയ്യുന്നുണ്ടെന്ന ആക്ഷേപത്തില്‍ ഇത് അടിയന്തിര ഇടപെടല്‍ നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ജല ജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന പൈപ്പ് ലൈനുകള്‍ പൂര്‍ണ്ണമായി സ്ഥാപിക്കണം എന്നും അല്ലാത്ത പക്ഷം ഇത് കുടിവെള്ളം തടസ്സപെടുന്നതിന് കാരണമായി തീരുമെന്നും യോഗം ആവശ്യപ്പെട്ടു. മൈലപ്ര പഞ്ചായത്തിലെ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തി നിശ്ചയിക്കാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട് എന്ന പരാതിയില്‍ ഇത് നിശ്ചയിച്ച് കിട്ടുന്നതിനായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് എന്നും പോലീസ് അറിയിച്ചു. കോന്നി പേരൂര്‍കുളം സ്‌കൂളിലെ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച് ഭൂമിയുടെ ഉറപ്പ് പരിശോധിച്ച് റിപ്പോര്‍ട്ട് കിട്ടിയ ശേഷം നിര്‍മാണം ആരംഭിക്കും എന്നും യോഗത്തെ അറിയിച്ചു. ചിറ്റാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവികല അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ബി ജ്യോതി, കോന്നി താലൂക്ക് തഹല്‍സീദാര്‍ മഞ്ജുഷ, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് പ്രീജ പി നായര്‍, തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി കെ ശാമുവല്‍, രാഷ്ട്രീയ പ്രതിനിധികള്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.