പെരുനാട് : റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷത്തിനുവേണ്ടി പിരിച്ചെടുത്ത പണത്തിന്റെ കണക്കുകള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭാരതീയ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 18 ന് പ്രതിഷേധ റാലിയും ധർണയും നടത്തുന്നു. രാവിലെ 10 മണിക്ക് മടത്തുംമൂഴി വലിയ പാലത്തിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് പഞ്ചായത്ത് കുടുംബശ്രീ ഓഫീസിനു മുമ്പില്‍ സമാപിക്കും. പെരുനാട് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിയുടെ മേൽനോട്ടത്തിൽ കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷം കഴിഞ്ഞ ജനുവരി 31 ന് നടത്തിയിരുന്നു.
പരിപാടിയുടെ ചെലവുകൾക്കെന്ന് പറഞ്ഞ് പഞ്ചായത്തിലെ ഓരോ കുടുംബശ്രീ അംഗങ്ങളുടെ കയ്യിൽ നിന്നും 50 രൂപ വീതം പിരിച്ചെടുത്തിരുന്നു. പഞ്ചായത്തിൽ മൊത്തം 250 ഓളം കുടുംബശ്രീ യൂണിറ്റുകളാണ് ഉള്ളത്. ഒരു യൂണിറ്റിൽ നിന്നും ശരാശരി 750 രൂപ വീതം കണക്ക് കൂട്ടിയാൽ തന്നെ രണ്ടു ലക്ഷത്തോളം രൂപയാണ് പിരിച്ചിട്ടുള്ളത്. എന്നാല്‍ പരിപാടി കഴിഞ്ഞ് വര്‍ഷം ഒന്നാകാറായെങ്കിലും ഇതുവരെ വരവുചെലവ് കണക്കുകള്‍ അവതരിപ്പിച്ചിട്ടില്ല. പിരിച്ചെടുത്ത പണത്തിന്റെ വരവ് ചെലവ് കണക്കുകള്‍ പരിപാടി കഴിഞ്ഞ് തൊട്ടടുത്തുകൂടുന്ന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ടതാണ്. ഇത് ഓഡിറ്റും നടത്തേണ്ടതാണ്. എന്നാൽ ഇതൊന്നും പെരുനാട് പഞ്ചായത്തില്‍ നടന്നിട്ടില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്.
പിരിച്ചെടുത്ത പണം പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയെന്നും അതിന്റെ രസീത് കൈവശമുണ്ടെന്നും സിഡിഎസ് ചെയർപേഴ്സൺ കക്കാട് എഡിഎസ് മീറ്റിങ്ങിൽ പറഞ്ഞെങ്കിലും രസീത് കാണിക്കുവാൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും മഹിളാ മോർച്ച ഭാരവാഹികള്‍ പറയുന്നു. രജത ജൂബിലി ആഘോഷങ്ങളുടെ മുഴുവൻ ചെലവും പഞ്ചായത്ത് ഫണ്ടിൽ നിന്നുമാണ് ചെലവഴിച്ചിട്ടുള്ളത്. പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു പിരിവ് നടത്തിയിട്ടില്ലെന്ന് വിവരാവകാശ അപേക്ഷയിന്മേല്‍ പഞ്ചായത്ത് സെക്രട്ടറി മറുപടി നൽകിയിട്ടുണ്ട്. അപ്പോൾ പിരിച്ചെടുത്ത തുക എന്ത് ചെയ്തു? ആരുടെ കൈവശമാണ്? ആരാണ് പണം പിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതായുണ്ട്.