കുളനട : കടലിക്കുന്നിലെ അനധികൃത മണ്ണെടുപ്പ് നിര്‍ത്തി വെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സംരക്ഷണ സമിതി അനിശ്‌ചിതകാല സമരം ആരംഭിച്ചു. കഴിഞ്ഞ ദിവസം അടൂര്‍ ആര്‍.ഡി.ഓഫീസ് മാര്‍ച്ച് നടത്തിയിരുന്നു. വലിയ ടോറസ്സില്‍ ഏകദേശം 200 ലോഡ് എങ്കിലും ഇതുവരെയും പോയിട്ടുണ്ടന്ന് നാട്ടുകാര്‍പറഞ്ഞു. ഇനിയും മണ്ണെടുപ്പ് തുടര്‍ന്നാല്‍ മഴക്കാലത്ത് വന്‍ മണ്ണിടിച്ചിലിന് കാരണമാവുകയും സമീപത്തെ പട്ടികജാതി കോളനി സഹിതം ധാരാളം കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും ചെയ്യും. മലയുടെ മുകള്‍ ഭാഗം ഒന്നര ഏക്കറിലധികം ഭൂമിയില്‍ നിന്നും മല പൂര്‍ണമായി ഇല്ലാതാക്കും വിധം മണ്ണെടുപ്പ് നടന്നു കൊണ്ടിരിക്കയാണ്. നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ മണ്ണെടുപ്പ് നിര്‍ത്തി വെച്ചെങ്കിലും വീണ്ടും അനുമതി ലഭിച്ചതോടെ മണ്ണെടുപ്പ് ആരംഭിച്ചു.
പാരിസ്‌ഥിതിക പ്രശ്‌നങ്ങളോ ജനങ്ങളുടെ സുരക്ഷയോ പരിഗണിക്കാതെ മണ്ണെടുക്കാന്‍ റവന്യു, ജിയോളജി വകുപ്പുകള്‍ അനുമതി കൊടുത്തതിനെതിരെ വലിയ ജനവികാരം ഉയര്‍ന്നിരിക്കുകയാണ്. കടലിക്കുന്ന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കലക്‌ടര്‍, ജിയോളജി, റവന്യു, വകുപ്പുകള്‍ക്കും പരാതി കൊടുത്തിട്ടും നടപടി ഇല്ല. കുളനട ഗ്രാമ പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി അധികൃതരെ അറിയിച്ചിട്ടും മണ്ണെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് കടലിക്കുന്നു സംരക്ഷണ സമിതി രൂപീകരിച്ച് ജനകീയ സമരം ആരംഭിച്ചത്. വലിയ മലയുടെ മധ്യ ഭാഗത്തുനിന്നും ഏകദേശം രണ്ടേക്കറോളം സ്‌ഥലം അടയാളപ്പെടുത്തിയാണ് ഇപ്പോള്‍ മണ്ണെടുപ്പ് നടക്കുന്നത്. ഇവിടെ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്യും. മഴക്കാലം വരുമ്പോള്‍ വശങ്ങളില്‍ നിന്നും ശക്തമായ മണ്ണിടിച്ചിലും സാധ്യതയുണ്ട്.