മാന്നാർ: ചെന്നിത്തല, മാന്നാർ പ്രദേശങ്ങളിൽ അനധികൃത നിലം നികത്തൽ വ്യാപകമാകുന്നു. ആർക്കും വേണ്ടാതെ കിടക്കുന്ന കൃഷി ഭൂമികൾ തുഛമായ വില പറഞ്ഞ് ഉറപ്പിച്ച് തുണ്ടുകളായി പലരുടെ പേരുകളിലാക്കിയുളള ബിനാമിക്കച്ചവടമാണ് നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പിന്നീട് ഇവ അനധികൃതമായി നികത്തുകയാണ് ചെയ്യുന്നത്. മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽപെട്ട 1, 2, 3 വാർഡുകളും ചെന്നിത്തല പഞ്ചായത്തിന്റെ 1,2, 4, 15 വാർഡുകളിലും നിലം നികത്തലിന്റെ ഭീഷണിയിലാണ്. മാന്നാർ 1,3 വാർഡുകളിൽ നിലം നികത്തൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കർഷകത്തൊഴിലാളി യൂണിയൻ മാന്നാർ ഏരിയ കമ്മിറ്റി ഇടപെടുകയും ഓലീസിലും വില്ലേജ് ഓഫീസിലും പരാതി നൽകുകയും ചെയ്തതിനെ തുടർന്ന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും പിന്നീടും നികത്തൽ തകൃതിയായി നടന്നു.
ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ ബിനുകുമാറിന് ലഭിച്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്താൽ ഇന്ന് പുലർച്ചെ 2 മണിക്ക് ചെന്നിത്തലയിൽ നടത്തിയ പരിശോധനയിൽ നിലം നികത്തുന്നതിനായി മണ്ണുമായി എത്തിയ നാല് ടോറസ് ലോറികളും രണ്ട് ജെ.സി.ബികളും പോലീസ് പിടിച്ചെടുത്തു. ഡി.വൈ.എസ്.പി യുടെ സ്പെഷ്യൻ സ്ക്വാഡും മാന്നാർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരമത്തൂർ ബഥേൽ ഐ.പി.സി ഹാളിന് സമീപം നികത്താനായി എത്തിച്ച മണ്ണും വാഹനങ്ങളും പിടിച്ചെടുത്തത്.