കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ അനധികൃത മദ്യവില്പന വ്യാപകമായിട്ടും അധികൃതർ നടപടി സ്വീകരിക്കാൻ തയാറാകുന്നില്ല എന്ന് ആക്ഷേപമുയരുന്നു. എലിമുള്ളുംപ്ലാക്കൽ സ്കൂളിന് സമീപത്തും തണ്ണിത്തോട്, തേക്കുതോട് മേഖലകളിലെ വിവിധ വീടുകൾ കേന്ദ്രീകരിച്ചും വാഹനങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ചു നൽകിയും ഒക്കെയാണ് മദ്യ കച്ചവടം പൊടിപൊടിക്കുന്നത്. ബന്ധപ്പെട്ട അധികൃതർക്ക് നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും ഇത് തടയാനുള്ള യാതൊരു നടപടികളും എക്സൈസ്, പോലീസ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്നാണ് ആക്ഷേപം. ചിറ്റാർ, പത്തനംതിട്ട ബിവറേജസ് ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവിടങ്ങളിൽ നിന്നും ഓട്ടോറിക്ഷകളിലും മറ്റും എത്തിക്കുന്ന മദ്യം വില കൂട്ടി വിൽക്കുന്നതാണ് കച്ചവടക്കാരുടെ രീതി. ഇത്തരത്തിൽ വിൽക്കുന്ന മദ്യം അനധികൃതമാണ് എന്നതിൽ ഉപരി യാതൊരു പരിശോധനകൾക്കും വിധേയമാകുന്നുമില്ല.
കോന്നി എക്സൈസ് റേഞ്ചിന്റെ കീഴിൽ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. തണ്ണിത്തോട് കാവ് ജംഗ്ഷൻ, തേക്കുതോട് ജംഗ്ഷൻ എന്നിവടങ്ങൾ കേന്ദ്രീകരിച്ചും വാഹനങ്ങളിൽ അനധികൃത മദ്യവില്പന വ്യാപകമായി നടക്കുന്നു എന്നതാണ് യാഥാർഥ്യം. കൂലി പണി ചെയ്തു ജീവിക്കുന്ന തൊഴിലാളികളിൽ ആണ് ഇത്തരത്തിൽ എത്തിക്കുന്ന മദ്യം കൂടുതലായും വിറ്റഴിക്കപ്പെടുന്നത്. തണ്ണിത്തോട് പ്രദേശത്തെ പല വീടുകളിലും കഴിഞ്ഞ കുറച്ച് കലായളവുകളായി ആത്മഹത്യകൾ നടക്കുന്നതിലും കുടുംബ ബന്ധങ്ങൾ ശിഥിലമാവുകയും ചെയ്യുന്നതിൽ ഇത്തരത്തിൽ ഉള്ള മദ്യ കച്ചവടക്കാർക്ക് വലിയ പങ്കുണ്ട്. വന മേഖലയോട് ചേർന്ന സ്ഥലങ്ങളിൽ അടക്കം വ്യാജ വാറ്റ് പോലും വിറ്റഴിക്കപ്പെടുന്നു എന്നാണ് ലഭിക്കുന്ന സൂചന. ചിറ്റാറിൽ നിന്നും പത്തനംതിട്ട, കോന്നി ഭാഗങ്ങളിൽ നിന്നും വാഹനങ്ങളിൽ എത്തിക്കുന്ന അനധികൃത മദ്യം പിടികൂടുവാൻ പോലും ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല. വർഷങ്ങളായി സ്ഥിരം കച്ചവടം ചെയുന്ന വ്യക്തികൾ പ്രദേശത്ത് ഉണ്ടെങ്കിലും ഇവരെ പിടികൂടുവാനോ നടപടി സ്വീകരിക്കുവാനോ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല. നാട്ടിൽ ലഹരിയുടെ വ്യാപനം അവസാനിപ്പിക്കുവാൻ നടപടി വേണം എന്ന് നാം വാചാലരാകുമ്പോൾ നാട്ടിൽ നടക്കുന്ന ഇത്തരം മദ്യ കച്ചവടങ്ങൾ മനഃപൂർവ്വം മറന്നുപോവുന്ന രീതിയാണ് ബന്ധപ്പെട്ടവർക്കുള്ളത്.