കോഴിക്കോട് : കോഴിക്കോട് മേപ്പയ്യൂര്‍ മീറോട് മലയില്‍ അനധികൃത ചെങ്കല്‍ ഖനനം കണ്ടെത്തിയതായി ജില്ലാകലക്ടര്‍. മേപ്പയ്യൂർ മലയിലെ ഖനന പ്രശ്നങ്ങൾ വിശദമായി പരിശോധിക്കുന്നതിനായി ഒരു സമിതിയെ നിയോഗിക്കുമെന്നും കലക്ടർ പറഞ്ഞു. സ്വകാര്യഭൂമിയും മിച്ചഭൂമിയും റവന്യൂഭൂമിയുമുണ്ട് മീറോട് മലയില്‍. അതിനാല്‍ തന്നെ ഖനനം നടക്കുന്നത് ഏത് ഭൂമിയിലാണെന്ന് വ്യക്തമാക്കാന്‍ റീ സര്‍വ്വെ നടത്തേണ്ടി വരും. ഇക്കാര്യം സമരസമിതി പ്രവര്‍ത്തകര്‍ ജില്ലാകലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.
അനുമതി നൽകിയതിലും കൂടുതല്‍ സ്ഥലത്ത് ഖനനം നടക്കുന്നുണ്ടെന്ന് പ്രാഥമികമായി മനസ്സിലായെന്ന് ജില്ലാകലക്ടര്‍ സാംബശിവറാവു പറഞ്ഞു. വിശദമായ പരിശോധനയ്ക്ക് ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കീഴരിയൂര്‍ പഞ്ചായത്ത് ദുരന്തസാധ്യത മാപ്പിംഗില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശമായി രേഖപ്പെടുത്തുകയും ചെയ്ത ഇടമാണ് മീറോട് മല. നിരവധി ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്നുണ്ട് മലക്ക് താഴെ. താഴ്ഭാഗത്തുള്ള ജനങ്ങളുടെ കുടിവെള്ള സ്രോതസ്സും ഈ മല തന്നെയാണ്. നിരവധി സഞ്ചാരികളും ഈ പ്രദേശം കാണാനായി എത്തി ചേരുന്നുണ്ട്