റാന്നി : ഇട്ടിയപ്പാറയിലേയും പരിസരത്തേയും അനധികൃത പാര്‍ക്കിംങ്ങും വഴിയോര കച്ചവടവും ടൗണിലെത്തുന്ന ജനങ്ങളെ വലയ്ക്കുന്നു. ചന്ത ദിവസമായ ബുധനും ശനിയും വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. നേരത്തേ പഴവങ്ങാടി പഞ്ചായത്ത് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ തീരുമാനിക്കുകയും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഒഴിപ്പിച്ചവരെ ചന്തയിലെ സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. ഒപ്പം അനധികൃത പാര്‍ക്കിംങ്ങും ഒഴിവാക്കിയതോടെ ടൗണില്‍ ഗതാഗതം വളരെ സുഗമമായിരുന്നു.
എന്നാല്‍ സംസ്ഥാനപാതയുടെ നവീകരണം നടത്തിയതിനു പിന്നാലെ ഗതാഗതം പഴയ പോലെയായി. കോവിഡിന് ശേഷം ചന്തയില്‍ പഴയ വ്യാപാരം ഇല്ലാതായതോടെ വഴിയോര കച്ചവടക്കാര്‍ ഒന്നും രണ്ടുമായി ടൗണില്‍ തിരിച്ചെത്തുകയും ഇപ്പോള്‍ അത് പൂര്‍ണ്ണമാകുകയും ചെയ്തിരിക്കുകയാണ്. ഇട്ടിയപ്പാറ ടൗണിലെ പ്രധാന പ്രശ്നമാണ് അനധികൃത പാര്‍ക്കിംങ്. പാര്‍ക്കിംങ്ങിനായി പോലീസും പിഡബ്ല്യുഡിയും പഞ്ചായത്തും ചേര്‍ന്ന് സ്ഥലങ്ങള്‍ അടയാളപ്പെടുത്തി നല്‍കിയിരുന്നു. പുതിയ പാത വന്നതോടെ പാര്‍ക്കിംങ്ങിന് പ്രത്യേക സ്ഥലമില്ലാതായി. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡിലും അനധികൃത പാര്‍ക്കിംങ്ങുകാര്‍ കൈയ്യടക്കിയിരിക്കുകയാണ്. ബസ് സ്റ്റാന്‍ഡില്‍ അന്യവാഹനങ്ങള്‍ പ്രവേശിക്കരുതെന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആരും പാലിക്കുന്നില്ല.