മുംബൈ: ബന്ധം പുറത്തറിയാതിരിക്കാന്‍ അമ്മായിയമ്മയെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ബോറിവാലി സബര്‍ബന്‍ സ്വദേശിയായ സാലു ലാകെ (57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മരുമകള്‍ രാധ ലാകെ (28), കാമുകന്‍ ദീപക് മനെ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇരുവരും കുറ്റസമ്മതം നടത്തിയതായി പോലീസ് വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പാണ് സാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ വീട്ടുകാരെ മുഴുവന്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് പ്രതിയായ ദീപക്, ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനാണെന്ന് മനസിലാക്കി. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക രഹസ്യം പുറത്തറിയുന്നത്.
പോലീസ് പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി, ദീപകിനെയും തന്‍റെ മരുമകള്‍ രാധയെയും അരുതാത്ത സാഹചര്യത്തില്‍ സാലു കണ്ടിരുന്നു. ജോലി ആവശ്യങ്ങള്‍ക്കായി മറ്റൊരു സ്ഥലത്തായിരുന്ന മകന്‍ തിരികെ വരുമ്പോള്‍ ഈ ബന്ധത്തെക്കുറിച്ച് അറിയിക്കുമെന്നും ഇവര്‍ രാധയോട് പറയുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് അമ്മായിയമ്മയെ ഇല്ലാതാക്കാന്‍ കാമുകനൊപ്പം ചേര്‍ന്ന് രാധ പദ്ധതി തയ്യാറാക്കിയത്.
തൊട്ടടുത്ത ദിവസം തന്നെ വലിയൊരു കല്ല് സംഘടിപ്പിച്ച് രാധ വീട്ടില്‍ കൊണ്ടു വന്ന് വെച്ചു. വൈകിട്ടോടെ ഗര്‍ബ ചടങ്ങില്‍ പങ്കെടുക്കാനെന്ന വ്യാജേന ഇവര്‍ വീട്ടില്‍ നിന്നും പോവുകയും ചെയ്തു. പിന്നാലെ സ്ഥലത്തെത്തിയ ദീപക്, ഉറങ്ങിക്കിടക്കുകയായിരുന്നു സാലുവിനെ ഈ കല്ലുപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് അറിയിച്ചത്. രാധയാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കിയതെന്ന് ഇയാള്‍ തന്നെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിയും പിടിയിലായത്. കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.