ബെംഗളൂരു: രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്ന ബെംഗളൂരു നഗരത്തിൽ 19 വരെ മഴ പെയ്യില്ലെന്ന് ഐഎംഡി അറിയിപ്പ്. പ്രവചനമനുസരിച്ച് ഞായറാഴ്ച കാലാവസ്ഥ മേഘാവൃതമായിരിക്കുമെങ്കിലും മഴയ്ക്ക് സാധ്യതയില്ല. തിങ്കളാഴ്ച മുതൽ നഗരത്തിൽ വരണ്ട കാലാവസ്ഥ തുടരും. ഏപ്രിൽ 20 ന് ശേഷം മഴ പ്രതീക്ഷിക്കുന്നതായും ഐഎംഡി അറിയിച്ചു. ഈ വർഷം ഇതുവരെ നഗരത്തിൽ മഴ ലഭിച്ചില്ലെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി താപനില മൂന്ന് ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഏപ്രിൽ ആറിന് ബെംഗളൂരുവിൽ 37.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ് അന്ന് രേഖപ്പെടുത്തിയത്. അതിനുശേഷം പരമാവധി താപനിലയിൽ കുറവുണ്ടായി. ഏപ്രിൽ 13ന്, നഗരത്തിൽ 34.6 ഡിഗ്രിയായിരുന്നു താപനില. പരമാവധി താപനില 34 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്.
ഏപ്രിൽ 10 ന് നേരിയതോ മിതമായതോ ആയ മഴ പ്രവചിച്ചിരുന്നു. ഇത് പിന്നീട് ഏപ്രിൽ 14 ലേക്ക് മാറ്റി. ഇപ്പോൾ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ഈ മാസം നഗരത്തിൽ ഒരു മഴ മാത്രമേ ലഭിക്കൂ എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ മാസം ഒരു മഴയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. രണ്ടോ മൂന്നോ മഴ പെയ്യാനുള്ള സാധ്യത വളരെ കുറവാണെന്നും ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു. ബെംഗളൂരുവിൽ സാധാരണയായി മാർച്ചിൽ 14.7 മില്ലീമീറ്ററും ഏപ്രിലിൽ 61.7 മില്ലീമീറ്ററും മഴ ലഭിക്കും. എന്നാൽ ഈ വർഷം മാർച്ചിൽ മഴ ലഭിച്ചതേ ഇല്ല.